
ഹരിദ്വാർ: രോഗമുക്തി ലഭിക്കുമെന്ന് പറഞ്ഞ് മാതാപിതാക്കൾ ഗംഗയിൽ മുക്കിയ അഞ്ച് വയസുകാരന് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഹർ കി പൗരിലാണ് സംഭവം. രക്താർബുദം ബാധിച്ച അഞ്ച് വയസുകാരനാണ് മരിച്ചത്. മാതാപിതാക്കൾ കുട്ടിയെ തുടർച്ചയായി ഗംഗാ നദിയിൽ മുക്കിയതാണ് മരണത്തിന് കാരണമായത്.
ഇന്നലെയാണ് ഡൽഹി സ്വദേശികളായ ദമ്പതികൾ കുട്ടിയുമായി ഹർ കി പൗരിയിലെത്തിയത്. ഒരു ബന്ധുവും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കുട്ടിയെ ഗംഗാ നദിയിലേക്ക് കൊണ്ടുപോയി വെള്ളത്തിൽ മുക്കുന്നതിനിടെ അഞ്ച് വയസുകാരൻ മരിക്കുകയായിരുന്നു. കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു എന്ന് മനസിലായതോടെ ചുറ്റും കൂടിയവർ മാതാപിതാക്കളെ കുറ്റപ്പെടുത്താൻ തുടങ്ങി. ഇത് കേട്ടപാടെ 'എന്റെ മകൻ എഴുന്നേൽക്കും, അത് ഉറപ്പാണ്' എന്നാണ് മൃതദേഹത്തിനരികിൽ ഇരുന്നുകൊണ്ട് മാതാവ് പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സ്ഥലത്തുണ്ടായിരുന്ന ആരോ പകർത്തിയത് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. രക്താർബുദം ബാധിച്ച കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ചികിത്സയ്‌ക്കായി സർ ഗംഗാ റാം ആശുപത്രിയിൽ നേരത്തേ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവസ്ഥ അതീവ ഗുരുതരമായതിനാൽ അവർ കൈവിടുകയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. തുടർന്നാണ് കുട്ടിയെ ഗംഗയിലെ ജലത്തിൽ മുക്കാൻ തീരുമാനിച്ച് ഹരിദ്വാറിലേക്ക് എത്തിയതെന്ന് ദമ്പതികൾ സിറ്റി പൊലീസ് സൂപ്രണ്ട് സ്വതന്ത്ര കുമാർ സിംഗിനോട് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.