
ഷില്ലോംഗ്: മേഘാലയയിലെ പൈനാപ്പിളിന്റെ രുചിയെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ വഴിയരികിൽ പൈനാപ്പിൾ വിൽക്കുന്ന ഒരു അമ്മയും മകളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും, അവിടെയിറങ്ങി അത് വാങ്ങുകയുമായിരുന്നു.
താൻ ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചിയുള്ള പൈനാപ്പിളാണ് ഇതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.'എന്റെ ജീവിതത്തിൽ ഇത്രയും സ്വാദിഷ്ടമായ പൈനാപ്പിൾ കഴിച്ചിട്ടില്ല. അത് കിട്ടിയയുടൻ ഞാൻ എന്റെ അമ്മയെ വിളിച്ച് ലോകത്തിലെ ഏറ്റവും മികച്ച പൈനാപ്പിൾ നിങ്ങൾക്കായി കൊണ്ടുവരുമെന്ന് പറഞ്ഞു.'-രാഹുൽ ഗാന്ധി പറഞ്ഞു.മേഘാലയയിലെ നോങ്‌പോഹിലിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ തനതായ പഴവർഗങ്ങൾ കൃഷിചെയ്യാൻ ഭരണകക്ഷിയായ ബിജെപി സൗകര്യം ഒരുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 'എന്തുകൊണ്ടാണ് ഏറ്റവും രുചിയുള്ള പൈനാപ്പിൾ ലോകം മുഴുവൻ ലഭ്യമല്ലാത്തത്? എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച രുചിയുള്ള പൈനാപ്പിൾ ലണ്ടനിലോ ന്യൂയോർക്കിലോ ടോക്കിയോയിലോ വിൽക്കാത്തത്? എന്തുകൊണ്ടാണ് കർഷകർക്കും ആ അമ്മയ്ക്കും മകൾക്കും പൈനാപ്പിൾ വിൽപ്പനയിൽ നിന്ന് പ്രയോജനം ലഭിക്കാത്തത്?' ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഈ പൈനാപ്പിൾ കയറ്റുമതി ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടില്ല. മേഘാലയയിലെ മുഴുവൻ ജനങ്ങളും നിങ്ങൾ ഉത്പാദിപ്പിക്കുന്ന പൈനാപ്പിൾ കൊണ്ട് സമ്പന്നരാകും.'- വയനാട് എംപി പറഞ്ഞു.