dolphins

ജലത്തിൽ ജീവിക്കുന്ന ബുദ്ധിശാലിയായ സസ്‌തനിയാണ് ഡോൾഫിൻ. മാംസഭുക്കുകളായ ഇവ ചെറു മത്സ്യങ്ങളെയും കണവകളെയുമാണ് പ്രധാനമായി ഭക്ഷിക്കുന്നത്. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ഒരു സസ്‌തനി കൂടിയാണിത്. അതിനാൽ തന്നെ ഡോൾഫിനെ പരിശീലിപ്പിച്ച് വിനോദത്തിന് ഉപയോഗിക്കുന്നു. പല രാജ്യങ്ങളിലും ഡോൾഫിൻ ഷോ ഏറെ പ്രശസ്തമാണ്. മനുഷ്യരെ പോലെ ഡോൾഫിനുകളും പരസ്പരം ആശയവിനിമയം നടത്താൻ ചില പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.

മാത്രമല്ല ഇവ സംഗീതത്തെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും ചില പഠനങ്ങൾ പറയുന്നു. മനുഷ്യർ പഠിപ്പിച്ച് കൊടുക്കുന്ന കാര്യങ്ങൾ വേഗം പഠിക്കാനും അത് ഓർത്ത് വയ്ക്കാനുമുള്ള കഴിവ് ഡോൾഫിനുകൾക്കുണ്ട്. എന്നാൽ ഈ പറയുന്നത് അല്ലാതെ ആരുമറിയാത്ത ചില സ്വഭാവദൂഷ്യങ്ങളും ഈ ഡോൾഫിനുകൾക്കുണ്ട്. ഇത് കേട്ടാൽ ചിലപ്പോൾ അവയോടുള്ള സ്നേഹം തന്നെ നഷ്ടമാകാൻ സാദ്ധ്യതയുണ്ട്.

dolphins

പെൺ ഡോൾഫിനുകളെ തട്ടിക്കൊണ്ടുപോകുന്ന 'വില്ലൻ'

ഡോൾഫിനുകൾ അവരുടെ കൂട്ടത്തിലുള്ള പെൺ ഡോൾഫിനെ തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?​ എന്നാൽ അത് സത്യമാണ്. ആൺ ഡോൾഫിൻ ഇണചേരാൻ ആഗ്രഹിക്കുമ്പോൾ മറ്റ് ഡോൾഫിനുകളുമായി സഖ്യം ചേരുകയും കൂട്ടമായി ഒരു പെൺ ഡോൾഫിനെ തിരഞ്ഞെടുത്ത് തട്ടിക്കൊണ്ടുപോകാൻ തിരുമാനിക്കുകയും ചെയ്യുന്നു. അതിനായി ആ പെൺ ഡോൾഫിനെ കൂട്ടത്തിൽ നിന്ന് വേർപെടുത്തി ആക്രമിക്കുകയും ശേഷം മറ്റൊരും സ്ഥലത്തേക്ക് ഇവയെ കൊണ്ടുപോകുകയും ചെയ്യുന്നു. ശേഷം ഈ ആൺ ഡോൾഫിനുകൾ മാറിമാറി പെൺ ഡോഫിനുമായി ഇണചേരുന്നു. ഇണചേർന്ന ശേഷം മാത്രമേ പെൺ ഡോൾഫിന് അവിടെ നിന്ന് പോകാൻ കഴിയും. ഇതിനെ എതിർത്താൽ അവ കൂട്ടത്തോടെ പെൺ ഡോൾഫിനെ ആക്രമിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഈ ആക്രമണത്തിൽ പെൺ ഡോൾഫിന് ജീവൻ വരെ നഷ്ടമാകാം.

കുട്ടികളെ കൊലപ്പെടുത്തും

ആൺ ഡോൾഫിനുകൾ കുഞ്ഞ് ഡോൾഫിനുകളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. പെൺ ഡോൾഫിനുമായി കൂടുതൽ സമയം ഇണചേരനാണ് ഇങ്ങനെ ചെയ്യുന്നത്. കുഞ്ഞ് മത്സ്യങ്ങളെ ഇവർ കളിപ്പാട്ടങ്ങളായി ഉപയോഗിക്കുമെന്നും പറയുന്നു. ഒരിക്കൽ ഒരു ഗവേഷകൻ ഡോൾഫിനുകൾ ഒരു കുഞ്ഞു സ്രാവിനെ പന്തിനെ പോലെ പരസ്പരം എറിഞ്ഞ് കളിക്കുന്നത് കണ്ടിട്ടുണ്ട്.

dolphins-

ഉപദ്രവം

ഡോൾഫിനുകൾ അവരുടെ ഭക്ഷണത്തെ ക്രൂരമായി ഉപദ്രവിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിനായി കണ്ടെത്തുന്ന ചെറിയ മത്സ്യത്തെ ഒരു കളിപ്പാട്ടത്തെ പോലെ വലിച്ചെറിയുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. ഇര മരിച്ചെന്ന് ഉറപ്പായാൽ അത് ഭക്ഷിക്കുന്നു.

സെെനിക ആവശ്യങ്ങൾ

ഡോൾഫിനുകളെ പല രാജ്യത്തും സെെനികർ ഉപയോഗിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളുടെ അന്തർവാഹിനികളെ തിരിച്ചറിയാൻ ഡോൾഫിനുകൾ സഹായിക്കുന്നു. യുദ്ധസമയത്തും ഡോൾഫിനുകളെ ഉപയോഗിക്കുന്നു. ഇവ വേഗത്തിൽ നീന്തുകയും ശത്രുകളെ തിരിച്ചരിഞ്ഞ് നിർദേശം നൽകുകയും ചെയ്യും. റഷ്യക്കാർ ഡോൾഫിനുകളെ മറ്റ് മനുഷ്യരെ ഉപദ്രവിക്കാൻ പോലും പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. മറ്റ് രാജ്യങ്ങളിലെ സെെന്യം കടലിനടിയിൽ ഒളിച്ച് ഇരുന്നാൽ അവരെ കണ്ടെത്താനും ഉപദ്രവിക്കാനും തുരത്താനും ഡോൾഫിന് പരിശീലനം നൽകിയിട്ടുണ്ട്.

dolphins

ക്രൂരമായ വേട്ടക്കാർ

ഡോൾഫിനുകളിലെ ഏറ്റവും വലിയ ഇനമാണ് ഓർക്കാസ്. അവ വേട്ടയാടുന്ന സമയത്ത് ഇരയോട് ഒരു ദയയും കാണിക്കില്ല. ഇരകളെ സഖ്യം ചേർന്ന് ക്രൂരമായി പീഡിപ്പിക്കുന്നു. കടൽനായകളെയും ഇവർ ആക്രമിക്കും. കടൽനായയുടെ മുകളിലൂടെ കൂട്ടമായി ഓർക്കാസ് നീന്തുന്നു. ഇത് ഒരു കൃത്രിമ തരംഗം സൃഷ്ടിക്കുകയും കടൽനായയെ സമുദ്രത്തിന്റെ അടിയിലേക്ക് താഴ്ത്തുകയും ചെയ്യുന്നു. അവിടെവച്ച് ഓർക്കാസ് ഇവയെ ആക്രമിച്ച് ഭക്ഷിക്കുന്നു.

dolphins

ഡോൾഫിനുകളെക്കുറിച്ചുള്ള ഈ കണ്ടെത്തലുകൾ നമ്മളെ ഏറെ ഭയപ്പെടുത്തുമെങ്കിലും അവയുടെ ഓമനത്തമുള്ള മുഖം ഏറെ ഇഷ്ടപ്പെടുന്നവരാണ് മനുഷ്യർ. ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം കാണികളെ അത്ഭുതപ്പെടുത്തുന്ന ഡോൾഫിൻ ഷോകൾ നടത്താറുണ്ട്. രസകരമായി പെരുമാറുന്ന ഡോൾഫിനുകളുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിലും കാഴ്ചക്കാർ ഏറെയാണ്.