coffee

കോട്ടയം: കാപ്പിക്കുരു വിലയിലുണ്ടായ വർദ്ധന കാപ്പി കർഷകർക്ക് ഗുണമെങ്കിലും കാപ്പി പ്രിയർ ചായയിലേക്ക് മാറേണ്ട സ്ഥിതിയായി. കാപ്പിപ്പൊടിക്ക് വൻ തോതിൽ വിലവർദ്ധിച്ചു. 400 രൂപയാണ് ഒരു കിലോ കാപ്പിപ്പൊടിയുടെ റിട്ടെയ്ൽ വില. കാപ്പിക്കുരുവിന് കിലോയ്ക്ക് വില 250 രൂപയാണ് വില. കാപ്പിക്കുരുവിന്റെ ഉത്പാദനം കുറഞ്ഞതും കിട്ടാനില്ലാത്തതുമാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. മലബാർ മേഖലകളിൽ കാപ്പി വ്യാപകമായി വെട്ടിമാറ്റി ഏലം കൃഷി ആരംഭിച്ചതാണ് കാപ്പിക്കുരുവിന്റെ ഉത്പാദനത്തിൽ വലിയകുറവാണ് ഉണ്ടായതെന്ന് വ്യാപാരികൾ പറയുന്നു.

ജില്ലയിൽ പാലാ, പിഴക്, ഈരാറ്റുപേട്ട, പാമ്പാടി, മണിമല മേഖലകളിലാണ് കാപ്പിക്കുരു കൃഷി ചെയ്യുന്നത്. റബർ തോട്ടങ്ങളിൽ ഇടവിളയായാണ് ജില്ലയിൽ കാപ്പികൃഷി. കാലാവസ്ഥാ വ്യതിയാനം മൂലവും കാപ്പിക്കുരുവിന്റെ ഉത്പാദനത്തിൽ കുറവുണ്ടായി. ഗ്രാമപ്രദേശങ്ങളിൽ കാപ്പിക്കുരു പൊടിച്ചുനൽകുന്ന നിരവധി മില്ലുകൾ ഉണ്ടായിരുന്നെങ്കിലും ആവശ്യക്കാർ കുറഞ്ഞതോടെ മില്ലുകൾ അപ്രത്യക്ഷമായി.

ഇടുക്കിക്കൊപ്പം ജില്ലയുടെ മലയോര മേഖല ഒരു കാലത്ത് കാപ്പി കൃഷിയിൽ സജീവമായിരുന്നു. വില അനിയന്ത്രിതമായി ഇടിഞ്ഞതിനെ തുടർന്ന് നിരവധി കർഷകരാണ് കാപ്പി കൃഷിയിൽ നിന്ന് പിന്മാറിയത്. അതിനിടെ തികച്ചും അപ്രതീക്ഷിതമായാണ് കാപ്പിക്കുരു വില ഉയർന്നത്.

ഗുണനിലവാരം കുറഞ്ഞു

അമിത വിലയ്‌ക്കൊപ്പം കാപ്പിപ്പൊടിയുടെ ഗുണനിലവാരത്തിലും ആക്ഷേപം ഉയരുന്നുണ്ട്.കാപ്പിക്കുരുവിന്റെ തോട്, തിപ്പൊലി തുടങ്ങിയവ അടക്കമുള്ളവ കാപ്പിപ്പൊടിയിൽ പൊടിച്ചു ചേർക്കുന്നതാണ് ഇതിനു കാരണം.