bjp-state-president-

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടർച്ചയായ സന്ദർശനവും റാലികളും അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമൊക്കെയായി കേരളത്തിലെ ബി.ജെ.പിയും എൻ.ഡി.എ സഖ്യകക്ഷികളും ആവേശത്തിലാണ്. അതിന്റെ തുടർച്ചയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ജനുവരി 27ന് കാസർകോട് നിന്ന് തുടക്കമാവും. ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ പതാക കൈമാറുന്നതോടെ ആരംഭിക്കുന്ന യാത്ര ജില്ലകളിലൂടെ പ്രയാണം നടത്തി ഫെബ്രുവരി 27ന് പാലക്കാട് സമാപിക്കും.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാപനസമ്മേളനത്തിലും തിരുവനന്തപുരത്ത് അമിത്ഷായും പങ്കെടുക്കും. നിർമ്മല സീതാരാമൻ, രാജ് നാഥ് സിംഗ് തുടങ്ങിയ നേതാക്കളും അണിചേരും. സമാപന സമ്മേളന വേദി രാഷ്ട്രീയ കേരളത്തിലെ ഭൂകമ്പമാവുമെന്നാണ് സുരേന്ദ്രൻ പറയുന്നത്. യാത്രയുടെ ലക്ഷ്യവും രാഷ്ട്രീയ വിലയിരുത്തലുകളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കേരളകൗമുദിയോട് സംസാരിക്കുന്നു.

@ കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പൊട്ടിക്കാൻ എന്തു ബോംബാണ് കരുതിവച്ചിരിക്കുന്നത്?​

 കാത്തിരുന്നു കാണാമെന്നേ ഇപ്പോൾ പറയുന്നുള്ളൂ. ഒറ്റമാസമല്ലേ ഉള്ളൂ.

@ വിവിധ പാർട്ടികളിൽ നിന്ന് നേതാക്കളും പ്രവർത്തകരും ബി.ജെ.പിയിലേക്ക് ഒഴുകുമെന്നാണോ?

വെറുംവാക്കല്ല. ശരിക്കും സംഭവിക്കും. നേതാക്കൾ മാത്രമല്ല, ചില പാർട്ടികൾതന്നെ വന്നേക്കും. അതാണ് മോദി ഗ്യാരണ്ടി. ഇപ്പോൾത്തന്നെ കണ്ടില്ലേ,​ നരേന്ദ്രമോദി രണ്ടുതവണ കേരളത്തിൽ തുടർച്ചയായെത്തിയപ്പോൾ കേരളം പ്രതീക്ഷിക്കാത്ത പലരും വേദിയിലെത്തിയില്ലേ. ഇനി നേതാക്കളുടെ ഒഴുക്കായിരിക്കും.

@ കേരള പദയാത്രയുടെ ലക്ഷ്യം?

 പ്രധാന ലക്ഷ്യം കഴിഞ്ഞ പത്തുവർഷമായി നരേന്ദ്രമോദി കേരളത്തിനായി ചെയ്യുന്ന നേട്ടങ്ങൾ വിശദീകരിക്കലും, ഇനിയും പ്രധാനമന്ത്രിയുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തവരെ അതിന് അർഹരാക്കലും അവരെ ബോധവത്കരിക്കലുമാണ്. മുഖ്യമന്ത്രിയുടെ യാത്രയിൽ വാങ്ങി പെട്ടിയിൽപൂട്ടിയ നിവേദനങ്ങൾ പോലെയാവില്ല കേരള പദയാത്രയിൽ സംഭവിക്കുക. പരാതിക്കാർക്ക് യാത്രയിൽ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കാം. കഴിയാവുന്നതെല്ലാം അപ്പപ്പോൾ ചെയ്യും. ഇവിടുത്തെ റോഡും പാലങ്ങളും റെയിൽവേ വികസനവും ദേശീയപാതാ വികസനവും മുടങ്ങാത്ത റേഷനുമെല്ലാം കേന്ദ്ര സർക്കാരിന്റെ സംഭാവനയാണ്. അതിപ്പോൾ ജനം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ കൂടുതലായി മോദി സർക്കാർ കേരളത്തെ ശ്രദ്ധിക്കുന്നുണ്ട്. അത് ജനങ്ങളിലേക്ക് എത്തിക്കുക. മോദി ഗ്യാരണ്ടി ഉറപ്പുവരുത്തുക.

@ കേരളത്തിൽ ആരാണിപ്പോൾ ശരിക്കും പ്രതിപക്ഷം?

 യു.ഡി.എഫിനെയും കേൺഗ്രസിനെയും കേരള ജനത പ്രതിപക്ഷമായി കാണുന്നില്ല. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണ് കേരളത്തിലെന്ന് അന്നം കഴിക്കുന്ന ആർക്കും അറിയാം. വിശ്വാസ്യതയില്ലാത്ത നേതാവായി സതീശൻ മാറിയില്ലേ. എന്തു വിഷയത്തിലാണ് ഇവർ ക്രിയാത്മകമായി ഇടപെടുന്നത്?​ അഴിമതിയിലും കേസുകളിലും അക്രമങ്ങളിലുമെല്ലാം തോളോടുതോൾ ചേർന്നല്ലേ പ്രവർത്തിക്കുന്നത്.

@ യു.ഡി.എഫ് പറയുന്നത് മോദി- പിണറായി അന്തർധാരയാണ് കേരളത്തിലെന്ന്?

 സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അന്തർധാരയുണ്ടെന്ന് സതീശൻ പറയുമ്പോൾ അയാളുടെ വിശ്വാസ്യത എവിടെ എത്തി നിൽക്കുന്നു?​ ജനം ഇവിടെ നടക്കുന്നതെല്ലാം കാണുണ്ട്.

@ പിണറായി ഒട്ടും പ്രതീക്ഷിക്കാതെ മോദിയെ സ്വീകരിക്കാനെത്തിയെന്നു പറ‌ഞ്ഞ്

വിവാദമുണ്ട്...

 കേരളത്തിലെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയതിൽ എന്ത് അപാകതയാണുള്ളത്?​ മുഖ്യമന്ത്രിയ്ക്ക് വല്ല ലക്ഷ്യവുമുണ്ടായിരുന്നോ എന്നറിയില്ല. അത് മോദിയുടെയും മുഖ്യമന്ത്രിയുടെയും ശരീര ഭാഷ കണ്ടാൽ മനസിലാവും. പിണറായിയുടെ മുമ്പിൽ മോദിയല്ല,​ മോദിയുടെ മുമ്പിൽ പിണറായിയല്ലേ കുമ്പിട്ടുനിന്നത്. ഉപ്പുതിന്നവർ എന്നായാലും വെള്ളം കുടിക്കുമെന്നു മാത്രമാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.

@ അയോദ്ധ്യയും മോദി ഗ്യാരണ്ടിയുമെല്ലാം ബി.ജെ.പിക്ക് കേരളത്തിലേക്കുള്ള താക്കോലാവുമോ?

 അയോദ്ധ്യ പ്രതിഷ്ഠയെ ബി.ജെ.പി തിരഞ്ഞെടുപ്പ് അജണ്ടയായി കണ്ടിട്ടില്ല. പക്ഷേ കേരളത്തിൽ അത് വോട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. മുസ്‌ലിം ലീഗിനെ പേടിച്ചിട്ടല്ലേ കോൺഗ്രസ് രാമനെപ്പോലും തള്ളിപ്പറയുന്നത്. അവർ അവരുടെ കുഴിതന്നെ തോണ്ടിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നു മാത്രമല്ല,​ ഒന്നിലധികം സീറ്റും നേടും.

@ തൃശ്ശൂരാണോ ബി.ജെ.പിയുടെ വി.ഐ.പി മണ്ഡലം?

 ബി.ജെ.പിക്ക് അങ്ങനെ വി.ഐ.പി മണ്ഡലങ്ങളൊന്നുമില്ല. പിന്നെ ബി.ജെ.പി ജയിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് തൃശ്ശൂരാണ്. എന്നാൽ തൃശ്ശൂർ മാത്രമല്ല, അതുപോലെ ഒട്ടേറെ മണ്ഡലങ്ങളുണ്ട്.

@ നരേന്ദ്രമോദി കേരളത്തിൽ മത്സരിക്കാനിറങ്ങുമോ...?

 മോദിജി മത്സരിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലുമുണ്ടോ? ബി.ജെ.പിയും മലയാളികളും ആഗ്രഹിക്കുന്നുണ്ട് മോദിജി കേരളത്തിൽ മത്സരിക്കണമെന്ന്. അതെല്ലാം പാർട്ടി അഖിലേന്ത്യാ നേതൃത്വത്തിന്റെ കൈകളിലാണ്.

@ കെ.സുരേന്ദ്രൻ മത്സര രംഗത്തുണ്ടാവുമോ?

 പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സംഘടനാപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതിനാൽ മത്സരിക്കേണ്ടെന്നാണ് ആഗ്രഹം. അത് പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പാർട്ടി പറഞ്ഞാൽ ഏതു തീരുമാനവും മാറും.