suresh-gopi

കഴിഞ്ഞ ദിവസമായിരുന്നു നടിയും അവതാരകയുമായ സ്വാസികയുടെ വിവാഹം. ടെലിവിഷൻ താരവും മോഡലുമായ പ്രേംജേക്കബാണ് വരൻ. ചടങ്ങിൽ സുരേഷ് ഗോപി, ദിലീപ് അടക്കമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. എത്രയും പെട്ടെന്ന് കുഞ്ഞുങ്ങളുണ്ടാകട്ടെയെന്നായിരുന്നു സുരേഷ് ഗോപി നവ ദമ്പതികൾക്ക് നൽകിയ ആശംസ.


'മനസിൽ നമുക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളും, വ്യത്യസ്തതയുടെ ആഴവും വളരെ കുറഞ്ഞ് നിൽക്കുന്ന കാലഘട്ടത്തിൽ നല്ല ഒരുപാട് കുഞ്ഞുങ്ങളുണ്ടാകണം. നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകും. നിങ്ങളുടെ കുടുംബത്തിനേക്കാൾ ആ കുഞ്ഞുങ്ങളെ ആവശ്യം ഈ സമൂഹത്തിനാണ്, ഈ ലോകത്തിനാണ്.

മരമായാലും മൃഗമായാലും മനുഷ്യനായാലും മണ്ണിന്റെ ഉത്പന്നങ്ങൾക്കെല്ലാം സംഭാവനകൾ ചെയ്യുന്ന പൗരന്മാരായി അവർ വളർന്നുവരണം. അങ്ങനെ വളർത്തിക്കൊണ്ടുവരാനുള്ള കപ്പാസിറ്റി അച്ഛനും അമ്മയ്ക്കുമുണ്ടെങ്കിൽ ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത്. അല്ലാതെ നമ്മൾ മറ്റ് മാർഗങ്ങളൊന്നും അവലംബിക്കരുത്. നിങ്ങൾക്കും അങ്ങനെയുള്ള നല്ല മക്കളുണ്ടാകട്ടെ. നിങ്ങൾ വഴി ഈ രാജ്യത്തിനും ലോകത്തിനും ഒരുപാട് നല്ല ലോക പൗരന്മാരുണ്ടാകട്ടെ എന്ന് മാത്രമാണ് എനിക്ക് ഈ വേദിയിൽ നിന്ന് ആത്മാർത്ഥമായി ആശംസിക്കാൻ തോന്നുന്നത്. ഇതിന്റെയകത്ത് ഏറ്റവും സന്തോഷിക്കുന്നത് നിങ്ങളുടെ അച്ഛനമ്മാമാരായിരിക്കും. അവർ ഇനി ഇത് പറഞ്ഞ് മെനക്കെടേണ്ടല്ലോ എന്ന വിചാരമുണ്ടാകും.

തീർച്ചയായും നിങ്ങൾക്ക് നല്ലൊരു നിമിത്തമായിരിക്കട്ടെ. ജീവിതത്തിലെ സൗഖ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ്, ആ ഒരു കാര്യം വൈകിപ്പിക്കാതെ, എത്രയും പെട്ടന്ന് നമുക്ക് അടുത്ത വിശേഷം കൂടി ഇതുപോലെ ആഘോഷപൂർവമായി കൂടാൻ സാധിക്കണേയെന്ന് സകല ദൈവങ്ങളോടും പ്രാർത്ഥിച്ചുകൊണ്ട് എന്റെ ഈ എളിയ വർത്തമാനം നിർത്തുന്നു.'-സുരേഷ് ഗോപി പറഞ്ഞു.