lucky

റിയാദ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മില്ല്യൺ ഡോളർ (8,31,20,200 കോടി) സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. സൗദി അറേബ്യയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയായ എഡ്വേർഡ് ജോർജിനാണ് (53) ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീയിൽ വച്ചുനടന്ന 448-ാമത് നറുക്കെടുപ്പിലാണ് പ്രവാസിയെ തേടി ഭാഗ്യമെത്തിയത്.

റിയാദിലെ ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായ എഡ്വേർഡിന് ഒരു മകനുണ്ട്. കഴിഞ്ഞ 26 വർഷമായി റിയാദിൽ ജോലി ചെയ്തുവരുന്ന ജോർജ് അഞ്ച് വർഷത്തോളമായി മില്ലേനിയം മില്യണയറിന്റെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 2270 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം തേടിയെത്തിയത്. ഈ മാസം 11നാണ് ടിക്ക​റ്റ് ഓൺലൈനായി വാങ്ങിച്ചതെന്നും ഭാഗ്യശാലിയായതിൽ സന്തോഷമുണ്ടെന്നും എഡ്വേർഡ് കൂട്ടിച്ചേർത്തു.

'സൗഭാഗ്യത്തിനായി ഒരുപാട് നാളുകളായി കാത്തിരിക്കുകയാണ്. പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. അവസാനം ഭാഗ്യം തേടിയെത്തി. സമ്മാനത്തുക മകന്റെ വിദ്യാഭ്യാസത്തിനായി മാ​റ്റി വയ്ക്കും. മകനെ വിദേശത്തയച്ച് പഠിപ്പിക്കും'- എഡ്വേർഡ് പറഞ്ഞു. 1999 മുതൽ ആരംഭിച്ച മില്ലേനിയം മില്ല്യണയർ നറുക്കെടുപ്പിൽ ഭാഗ്യം ലഭിക്കുന്ന 23-ാമത്തെ ഇന്ത്യാക്കാരനാണ് എഡ്വേർഡ് ജോർജ്.

നറുക്കെടുപ്പിൽ ഡ്യൂട്ടി ഫ്രീയിലെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായ കോം മക്‌ലോഫ്ലിൻ,സിഒഒയായ രമേഷ് സിഡാമ്പി,ജോയിന്റ് സിഒഒയായ സലാഹ് തഹ്‌ലക് തുടങ്ങിയവരും പങ്കെടുത്തിരുന്നു. അതേസമയം, നറുക്കെടുപ്പിൽ ഷാർജയിൽ താമസിച്ചുവരുന്ന 63കാരനായ സെയ്ദ് അഹ്മദ് സഫ്ദർ അലിക്ക് മെഴ്സിഡസ് ബെൻസ് എസ് 500കാർ സമ്മാനമായി ലഭിച്ചു. ഇയാൾ അഫ്ഗാനിസ്ഥാൻ സ്വദേശിയാണ്. ഈ മാസം രണ്ടിനാണ് സഫ്ദർ ടിക്ക​റ്റ് എടുത്തത്.