mary-kom

ഗുവാഹത്തി: വിരമിക്കൽ വാർത്തകൾ തള്ളി ഇതിഹാസ ബോക്‌സിംഗ് താരം എം സി മേരികോം. വിരമിക്കൽ വാർത്തകൾ സത്യമല്ലെന്നും വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ മേരി കോം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'മാദ്ധ്യമ സുഹൃത്തുക്കളേ, ഞാൻ ഇപ്പോഴും എന്റെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകൾ തെറ്റായി വ്യാഖാനിക്കുകയായിരുന്നു. പ്രഖ്യാപിക്കാൻ സമയമാകുമ്പോൾ ഞാൻതന്നെ മാദ്ധ്യമങ്ങളുടെ മുന്നിലെത്തും. വിരമിക്കൽ പ്രഖ്യാപിച്ചതായുള്ള വാർത്തകൾ കണ്ടിരുന്നു. എന്നാൽ അവ സത്യമല്ല. ജനുവരിയിൽ ദിബ്രുഗാർഹിലെ ഒരു സ്‌കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളോട് സംവദിക്കുന്നതിനിടെ പറഞ്ഞ വാക്കുകളാണ് വളച്ചൊടിക്കപ്പെട്ടത്.


കായികമേഖലയിൽ നേട്ടങ്ങൾ കൊയ്യാൻ എനിക്കിപ്പോഴും ആഗ്രഹമുണ്ട്. എനിക്ക് ബോക്‌സിംഗ് ചെയ്യാൻ ഇനിയും സാധിക്കുമെങ്കിലും ഒളിംപിക്‌സിലെ പ്രായപരിധി എന്നെ പങ്കെടുക്കാൻ അനുവദിക്കില്ല. ഞാൻ ഇപ്പോഴും എന്റെ ഫിറ്റ്‌നസിൽ ശ്രദ്ധച്ചെലുത്തുകയാണ്. ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ ഞാൻ എല്ലാവരെയും അറിയിക്കും. ദയവായി വാർത്തകൾ തിരുത്തൂ'- മേരി കോം വ്യക്തമാക്കി.

ബോക്‌സിംഗ് ചരിത്രത്തിൽ ആറ് ലോക കിരീടങ്ങൾ നേടുന്ന ആദ്യ വനിതാ ബോക്‌സറാണ് മേരി കോം. അഞ്ച് തവണ ഏഷ്യൻ ചാമ്പ്യനായ മേരി 2014ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ബോക്സറാണ്. 2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ മേരി 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡലും നേടി. 2008ല്‍ ലോക ചാമ്പ്യനായതിന് തൊട്ടുപിന്നാലെ ഇരട്ടക്കുട്ടികളുടെ അമ്മയായി. ഇതോടെ ബോക്‌സിംഗില്‍ നിന്ന് തത്കാലം മാറിനിന്നിരുന്നു. പിന്നീട് 2012ല്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായും കളിക്കളത്തില്‍നിന്ന് കുറച്ചുകാലം ഇടവേളയെടുത്തു. തുടര്‍ന്ന് തിരിച്ചെത്തിയ മേരി കോം, 2018ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പും നേടി.