
ബംഗളൂരു: ഇതരമതസ്ഥനെ പ്രണയിച്ച പത്തൊൻപതുകാരിയെ സഹോദരൻ തടാകത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി. രക്ഷിക്കാൻ ശ്രമിച്ച അമ്മയും മുങ്ങിമരിച്ചു. മൈസൂർ സ്വദേശിനി ധനുശ്രി, അമ്മ അനിത (43) എന്നിവരാണ് മരിച്ചത്. ധനുശ്രിയുടെ സഹോദരൻ നിധിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ധനുശ്രിയുടെയും അനിതയുടെയും മൃതദേഹങ്ങൾ തടാകത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവിലെ ഹൻസുർ ഗ്രാമത്തിലാണ് സംഭവം. യുവതി ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച രാത്രി ഇതിനെച്ചൊല്ലി നിധിനും ധനുശ്രിയും തമ്മിൽ തർക്കമുണ്ടായി.
ഇതരമതസ്ഥനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ ധനുശ്രി തയ്യാറായില്ല. ദേഷ്യത്തിൽ യുവതിയെ തടാകത്തിൽ തള്ളിയിടുകയായിരുന്നു. ഇത് കണ്ട അനിത മകളെ രക്ഷിക്കാനായി തടാകത്തിലേക്ക് ചാടി. ഇതിനുപിന്നാലെ ബന്ധുവിന്റെയടുത്തേക്ക് പോയ നിധിൻ, പെട്രോളടിക്കാൻ കാശ് ചോദിച്ചു. കൊലപാതകത്തെക്കുറിച്ചറിഞ്ഞ ഈ ബന്ധുവാണ് പൊലീസിൽ വിവരമറിയിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിധിനും സഹോദരിയും തമ്മിൽ വഴക്കായിരുന്നുവെന്ന് ബന്ധു പൊലീസിനോട് പറഞ്ഞു. ധനുശ്രിയുടെയും അനിതയുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.