
മെൽബൺ : ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കുകാരൻ എന്ന ചരിത്രനേട്ടത്തിലേക്ക് ചുവടുവയ്ക്കുന്ന രോഹൻ ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പണിന്റെ പുരുഷ ഡബിൾസിൽ ഫൈനലിലേക്കെത്തി. ഇന്നലെ നടന്ന ആവേശകരമായ സെമിഫൈനലിൽ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും ചേർന്ന് തോമസ് മച്ചാക്- ചിചെൻ ഷാംഗ് സഖ്യത്തെയാണ് തോൽപ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിൽ 6-3,3-6,7-6(10-7) എന്ന സ്കോറിനായിരുന്നു ബൊപ്പണ്ണ സഖ്യത്തിന്റെ ജയം. നാളെ നടക്കുന്ന ഫൈനലിൽ ഇറ്റലിയുടെ സൈമൺ ബോലെല്ലി - ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണസഖ്യം നേരിടുക.
കഴിഞ്ഞ ദിവസം സെമിയിൽ എത്തിയപ്പോൾ തന്നെ 43കാരനായ ബൊപ്പണ്ണ ഒന്നാം റാങ്ക് ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് പുതിയ റാങ്ക് പട്ടിക പുറത്തുവരിക.റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്നു. 2022 ഒക്ടോബറിൽ തന്റെ 38-ാം വയസിലാണ് രാജീവ് ഒന്നാം റാങ്കിലെത്തിയത്. മാത്യു എബ്‌ഡനൊപ്പം കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പൺ പുരുഷ ഡബിൾസ് ഫൈനലിലെത്തിയപ്പോൾ ഓപ്പൺ യുഗത്തിൽ ഗ്രാൻസ്ളാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കാഡ് ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർക്ക് ശേഷം ഡബിൾസിൽ ഒന്നാം റാങ്കിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരം കൂടിയാണ് ബൊപ്പണ്ണ. 20 വർഷം മുമ്പ് അരങ്ങേറ്റം കുറിച്ച ബൊപ്പണ്ണ 17 ശ്രമങ്ങൾക്കൊടുവിലാണ് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടക്കുന്നത്.