cricket

ആദ്യ ടെസ്റ്റിൽ ഇംഗ്ളണ്ട് 246 റൺസിന് പുറത്ത്, ഇന്ത്യ 119/1

അശ്വിനും ജഡേജയ്ക്കും മൂന്ന് വിക്കറ്റ് വീതം,യശസ്വി 76 നോട്ടൗട്ട്

ഹൈദരാബാദ് : അഞ്ചുമത്സരപരമ്പരയ്ക്കായെത്തിയ ഇംഗ്ളണ്ടിന് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഇന്ത്യയിലെ പിച്ചുകളുടെ സ്വഭാവം പിടികിട്ടിയിട്ടുണ്ടാവും. ഇന്നലെ ഹൈദരാബാദിൽ ടോസ് നേടി ഇറങ്ങിയ ഇംഗ്ളണ്ട് 246 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ ഇംഗ്ളണ്ടിന്റെ ബസ്ബാൾ ശൈലി കടമെടുത്ത് തിരിച്ചടിച്ചതോടെ ആദ്യദിനം കളി നിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലെത്തി. 127 റൺസ് മാത്രം പിന്നിലാണ് ഇന്ത്യ ഇപ്പോൾ. 70 പന്തുകളിൽ 76 റൺസുമായി പുറത്താകാതെ നിൽക്കുന്ന യുവതാരം യശസ്വി ജയ്സ്വാളാണ് ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം നൽകിയത്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് നേടിയ മൂന്നാം സ്പിന്നർ അക്ഷർ പട്ടേലും പേസർ ജസ്പ്രീത് ബുംറയും ചേർന്നാണ് ഇംഗ്ളണ്ടിനെ ചുരുട്ടിയത്. 70 റൺസ് നേടിയ നായകൻ ബെൻ സ്റ്റോക്സാണ് ഇംഗ്ളീഷ് നിരയിലെ ടോപ്‌സ്കോറർ.ജോണി ബെയർ സ്റ്റോ(37) ബെൻ ഡക്കറ്റ് (35), ജോ റൂട്ട് (29), ടോം ഹാർട്ട്‌ലി(23), സാക്ക് ക്രാവ്‌ലി (20)

എന്നിവർ പലഘട്ടങ്ങളിലായി ചെറുത്തുനിൽപ്പിന് ശ്രമിച്ചു.

മൂന്ന് സ്പിന്നർമാരേയും രണ്ട് പേസർമാരേയും ഉൾപ്പെടുത്തിയാണ് ഇന്ത്യ പ്ളേയിംഗ് ഇലവൻ തീരുമാനിച്ചത്. അശ്വിൻ,അക്ഷർ പട്ടേൽ,രവീന്ദ്ര ജഡേജ എന്നിവരായിരുന്നു സ്പിന്നർമാർ. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസർമാരായി ഇറങ്ങിയത്. സിറാജിന്റെ ആദ്യ ഹോംടെസ്റ്റായിരുന്നു ഇത്.

ടോസ് നേടി ഇറങ്ങിയ ഇംഗ്ളണ്ട് ഇന്ത്യൻ പേസർമാരെ നന്നായി നേരിട്ടെങ്കിലും സ്പിന്നർമാർ എത്തിയതോടെ കളി തിരിഞ്ഞുതുടങ്ങി. 12-ാം ഓവറിൽ ബെൻ ഡക്കറ്റിനെ എൽ.ബിയിൽ കുരുക്കി ആർ.അശ്വിനാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. 39 പന്തുകൾ നേരിട്ട ഡക്കറ്റ് ഏഴു ഫോറടക്കമാണ് 35 റൺസ് നേടിയത്. 55 റൺസാണ് ഇംഗ്ളീഷ് ഓപ്പണർമാർ കൂട്ടിച്ചേർത്തത്. ഡക്കറ്റിന് പകരമിറങ്ങിയ ഒല്ലീ പോപ്പിനെ (1) കാലുറപ്പിക്കാൻ അനുവദിക്കാതെ 15-ാം ഓവറിൽ രോഹിത് ശർമ്മയുടെ കയ്യിലെത്തിച്ചു. അടുത്ത ഓവറിന്റെ ആദ്യപന്തിൽ അശ്വിൻ സാക്ക് ക്രാവ്‌ലിയെക്കൂടി കൂടാരം കയറ്റിയോടെ ഇംഗ്ളണ്ട് 60/3 എന്ന നിലയിലായി. 40 പന്തുകൾ നേരിട്ട ക്രാവ്‌ലി മൂന്ന് ഫോറടക്കമാണ് 20 റൺസടിച്ചത്. തുടർന്ന് ക്രീസിൽ ഒരുമിച്ച ജോ റൂട്ടും ബെയർസ്റ്റോയും ശ്രദ്ധയോടെയാണ് മുന്നോട്ടു നീങ്ങിയത്. മൂന്നിന് 108 എന്ന നിലയിലെത്തിയപ്പോൾ ലഞ്ചിന് പിരിഞ്ഞു.

ലഞ്ചിന് ശേഷം അധികം വൈകാതെ ബെയർസ്റ്റോയേയും ഇംഗ്ളണ്ടിന് നഷ്ടമായി. 33-ാം ഓവറിൽ ടീം സ്കോർ 212ൽ നിൽക്കവേ അക്ഷർ പട്ടേലിന്റെ പന്തിൽ ബൗൾഡായ ബെയർസ്റ്റോ 58 പന്തുകളിൽ അഞ്ചുഫോറടക്കമാണ് 37 റൺസ് നേടിയത്. തുടർന്ന് ഒരറ്റത്ത് സ്റ്റോക്സ് പോരാട്ടം തുടങ്ങിയപ്പോൾ മറ്റേ അറ്റത്ത് ബെൻ ഫോക്സിനെ (4) അക്ഷർ പട്ടേലും രെഹാൻ അഹമ്മദിനെ(13) ബുംറയും തിരിച്ചയച്ചു. 24 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 23 റൺസടിച്ച ഹാർട്ട്‌ലിയെ ചായയ്ക്ക് മുമ്പ് ജഡേജ ബൗൾഡാക്കി.215/8 എന്ന നിലയിലാണ് ഇംഗ്ളണ്ട് ചായയ്ക്ക് പിരിഞ്ഞത്. ചായയ്ക്ക് ശേഷം മാർക്ക് വുഡിനെ(11) അശ്വിൻ ബൗൾഡാക്കി. 88 പന്തുകളിൽ ആറു ഫോറും മൂന്ന് സിക്സുമടക്കം 70 റൺസടിച്ച സ്റ്റോക്സ് ടീം സ്കോർ 246ൽ വച്ച് പത്താമനായാണ് പുറത്തായത്. ബുംറയാണ് ഇംഗ്ളീഷ് നായകനെ ബൗൾഡാക്കിയത്.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജയ്സ്വാൾ ഒരറ്റത്ത് തകർത്തടിച്ചാണ് തുടങ്ങിയത്. 12.2 ഓവറിൽ ടീം 80 റൺസിലെത്തിയ പ്പോഴാണ് രോഹിത് പുറത്തായത്. 27പന്തുകളിൽ 24 റൺസ് നേടിയ ഇന്ത്യൻ നായകൻ ലീച്ചിന്റെ പന്തിൽ ഇംഗ്ളീഷ് നായകന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. കളിനിറുത്തുമ്പോൾ 14 റൺസുമായി ശുഭ്മാൻ ഗില്ലാണ് യശസ്വിക്ക് കൂട്ട്. ഇതിനകം ഒൻപത് ഫോറുകളും മൂന്ന് സിക്സുകളും യശസ്വി നേടിക്കഴിഞ്ഞു.