beach

ഭോപ്പാൽ: ഹണിമൂണിന് അയോദ്ധ്യയിലും വാരണാസിയിലേക്കും കൊണ്ടുപോയതിന് പിന്നാലെ വിവാഹ മോചനം തേടി യുവതി. ഗോവയിൽ കൊണ്ടുപോകാമെന്നായിരുന്നു ഭർത്താവ് വാഗ്ദ്ധാനം ചെയ്തിരുന്നത്. മദ്ധ്യപ്രദേശിൽ നിന്നുള്ള യുവതിയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ.

യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് യുവതി ഭോപ്പാൽ കുടുംബ കോടതിയെ സമീപിച്ചത്. ഐടി മേഖലയിലാണ് ഭർത്താവ് ജോലി ചെയ്യുന്നത്. ഉയർന്ന ശമ്പളവുണ്ട്. തനിക്കും നല്ല ശമ്പളമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമില്ല. വേണമെങ്കിൽ വിദേശത്തും ഹണിമൂണിനായി പോകാം. മാതാപിതാക്കളെ നോക്കണമെന്നും, വിദേശയാത്രയ്ക്ക് താത്പര്യമില്ലെന്നും ഭർത്താവ് പറഞ്ഞു. ഒടുവിൽ ഇന്ത്യയിലെവിടെയെങ്കിലും പോകാമെന്ന് തന്നോട് പറയുകയായിരുന്നുവെന്ന് യുവതി നൽകിയ ഹർജിയിൽ പറയുന്നു.

ഹണിമൂൺ ഗോവയിൽ മതിയെന്ന് ഇരുവരും ചേർന്ന് തീരുമാനിച്ചു. എന്നാൽ ഭാര്യയോട് ഒരക്ഷരം പോലും ചോദിക്കാതെ അയോദ്ധ്യയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. യാത്ര പോകുന്നതിന് തലേദിവസമാണ് യുവതി വിവരമറിയുന്നത്. പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് അയോദ്ധ്യയിലേക്ക് പോകണമെന്നത് തന്റെ അമ്മയുടെ ആഗ്രഹമാണെന്നും ഇയാൾ ഭാര്യയെ അറിയിച്ചു. ഈ സമയം യുവതി എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല.

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ വിവാഹമോചനം തേടി കോടതിയെ സമീപിക്കുകയായിരുന്നു. തന്നേക്കാൾ കൂടുതൽ മറ്റ് കുടുംബാംഗങ്ങൾക്കാണ് ഭർത്താവ് പ്രാധാന്യം നൽകുന്നതെന്നും യുവതി ആരോപിക്കുന്നു.