deepika

മൈസൂരു: കർണാടകയിൽ അദ്ധ്യാപികയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അദ്ധ്യാപികയുടെ നാട്ടുകാരനും സുഹൃത്തുമായ നിതീഷ് (22)നെയാണ് ബുധനാഴ്ച ഹോസ്‌പേട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്. പ്രതിയും അദ്ധ്യാപികയും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇതിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയായ ദീപിക വി ഗൗഡ (28)യെ കാണാതാവുന്നത്. രാവിലെ 9 മണിയോടെ സ്‌കൂളിലേക്ക് പോയ ദീപിക വൈകിട്ടും വീട്ടില്‍ തിരിച്ചുവരാതിരുന്നതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. ഉച്ചയ്ക്ക് 12 മണിയോടെ സ്കൂളിൽ നിന്ന് മടങ്ങിയെന്നാണ് വിവരം. എന്നാൽ, ഇതിന് ശേഷം യുവതി എവിടേക്കാണ് പോയതെന്ന് വ്യക്തമായിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഒഫ് ചെയ്‌ത നിലയിലായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദീപികയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരെ വിവരമറിയിച്ച് ഇത് ദീപികയുടെ വാഹനം തന്നെയെന്ന് ഉറപ്പിച്ചു. പിന്നാലെ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ സംഭവസ്ഥലത്ത് നിന്ന് ഒരു വിനോദസഞ്ചാരി പകര്‍ത്തിയ വീഡിയോക്ലിപ്പ് പോലീസിന് കിട്ടിയിരുന്നു. സ്‌കൂട്ടര്‍ കണ്ടെത്തിയ സ്ഥലത്ത് വച്ച് ഒരു യുവതിയും യുവാവും വഴക്കിടുന്നതാണ് ഈ ദൃശ്യങ്ങളിലുണ്ടായിരുന്നത്.

തുടർന്ന് സ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് ഒരിടത്ത് മണ്ണിളകിയ നിലയില്‍ കണ്ടത്. ഇവിടെ നിന്ന് ദുര്‍ഗന്ധം വമിച്ചതും സംശയത്തിനിടയാക്കി. തുടര്‍ന്ന് ഇവിടെ മണ്ണുനീക്കി പരിശോധിച്ചതോടെയാണ് അദ്ധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ദീപികയെ കാണാനില്ലെന്ന പരാതി നല്‍കിയതിന് പിന്നാലെ സമീപവാസിയായ നിതീഷിനെക്കുറിച്ചുള്ള വിവരം യുവതിയുടെ ഭര്‍ത്താവ് പൊലീസിന് കൈമാറിയിരുന്നു. ദീപികയെ അവസാനം വിളിച്ചത് നിതീഷാണെന്നാണ് ഭര്‍ത്താവും കുടുംബവും ആരോപിച്ചിരുന്നത്. തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചെങ്കിലും കാണാനില്ല. പ്രതിയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫായിരുന്നു.

നിതീഷും ദീപികയും തമ്മിൽ രണ്ട് വർഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യമറിഞ്ഞ് ദീപികയുടെ ബന്ധുക്കൾ നിതീഷിന് താക്കീത് നൽകി. ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ തീപിക നിതീഷിനോട് അകലം കാട്ടിയിരുന്നുവെന്നാണ് വിവരം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം നിതീഷിന്റെ പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷിക്കാനെന്ന് പറഞ്ഞാകാം ദീപികയെ നിതീഷ് വിളിച്ചുകൊണ്ട് പോയതെന്നാണ് പൊലീസിന്റെ നിഗമനം. ഏഴ് വയസുള്ള മകന്റെയും ഭർത്താവിന്റെയും ഒപ്പമായിരുന്നു ദീപിക താമസിച്ചിരുന്നത്.