
ബീജിംഗ്: സമ്പന്നരായ ഭർത്താവിനെ കിട്ടാൻ സ്ത്രീകൾ മുഖത്ത് രൂപമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന് പ്രചരണം നടത്തിയ ക്ലിനിക്കിനെതിരെ നടപടി. സൗത്ത് ചെെനയിലാണ് സംഭവം. ഷാംഗ്ഹായ് ജീൻ ബ്യൂട്ടി ബയോജനറ്റിക് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനിയുടെ പരസ്യം വാചകത്തിനെതിരെ 3.5ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
സ്ത്രീകളെ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലിനിക്ക് ഈ പരസ്യവാചകം പ്രചരിപ്പിച്ചിരുന്നു. 'സൗന്ദര്യവർദ്ധക ശസ്ത്രക്രിയയിലൂടെ മുഖസൗന്ദര്യം വർദ്ധിപ്പിച്ചാൽ സമ്പന്നരായ ഭർത്താവിനെ കിട്ടും.'- എന്നാണ് കമ്പനിയുടെ പരസ്യവാചകം.
2021മുതൽ ഈ കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളികളിലൂടെ റീബോൺ ബ്യൂട്ടി കോസ്മെറ്റിക് സർജറിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ സൗന്ദര്യവും ആഡംബര പൂർണവുമായ മുഖം ഉണ്ടായാൽ സമ്പന്നരായ ഭർത്താവിനെ കിട്ടുമെന്ന തരത്തിൽ പ്രചരിപ്പിച്ചതാണ് പ്രശ്നമായത്. ഷാംഗ്ഹായ് പുഡോഗ് ന്യൂ ഏരിയ മാർക്കറ്റ് സൂപ്പർ വിഷൻ അഡ്മിനിസ്ട്രേഷൻ ആണ് കമ്പനിയ്ക്ക് പിഴ ചുമത്തിയത്. പരസ്യം നിയമലംഘനമാണെന്നും സാമൂഹികമായ ധാർമ്മികതയെ ലംഘിച്ചെന്നും നടപടിയിൽ പറയുന്നു.
സ്ത്രീകളെ ഇത്തരത്തിൽ കളിപ്പാട്ടങ്ങളാക്കുന്നതിനെ എതിർത്തും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ശ്രദ്ധ ആകർഷിക്കുന്നതിനും സ്വകാര്യ ലാഭം തേടുന്നതിനും തെറ്റായ മൂല്യങ്ങൾ ആവർത്തിച്ച് പ്രോത്സഹിപ്പിക്കുകയും ദോഷകരമായ സാമൂഹിക മൂല്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിൽ 2023 ഡിസംബറിൽ ഈ കമ്പനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നിരോധിച്ചിരുന്നു.
'