loksabha-election-2024

പൊന്നാനി വലിയ പള്ളിയ്ക്കകത്ത് കെടാതെ കത്തുന്ന ഒരു വിളക്കുണ്ട്. പ്രമുഖ ഇസ്‌ലാമിക മതപണ്ഡിതൻ സൈനുദ്ധീൻ മഖ്ദൂമിനു കീഴിൽ ലോകത്താദ്യമായി ദർസ് പഠന രീതി ആരംഭിച്ചത് ഈ എണ്ണ വിളക്കിന് ചുറ്റുമിരുന്നാണ്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം മതം പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ എത്തിയതോടെ കേരളത്തിലെ മക്കയെന്ന വിശേഷണവും പൊന്നാനിക്ക് വന്നുചേർന്നു. അഞ്ച് നൂറ്റാണ്ടു മുമ്പ് തെളിച്ച വിളക്കിന്റെ പ്രഭ ഇന്നും വലിയ പള്ളിയ്ക്കകത്ത് കെടാതെ സൂക്ഷിക്കുന്നു!

സന്ധ്യാനേരത്തെ മഗ്രിബ് നമസ്‌കാരത്തോടെ കത്തിക്കുന്ന വിളക്ക് പുലർച്ചെയുള്ള സുബ്ഹി നമസ്‌കാരം വരെ ജ്വലിച്ചു നിൽക്കും. ഒരുപക്ഷെ,​ വിളക്കു കത്തിക്കുന്ന കേരളത്തിലെ ഒരേയൊരു മുസ്‌ലിം പള്ളി പൊന്നാനിയിലേതാവും. വിളക്കുകളെച്ചൊല്ലി സാമൂഹിക, ​രാഷ്ട്രീയ മണ്ഡലങ്ങളിൽ പലവിധ വിവാദങ്ങൾ ഉയർന്നപ്പോഴും ഈ ചിന്തകളെ ഇരുട്ടത്തു നിറുത്തി പൊന്നാനി പള്ളിയിലെ വിളക്ക് പ്രകാശിച്ചുകൊണ്ടേയിരുന്നു. ഒന്നിനോടും അന്ധമായ വിരോധമോ മികച്ചവ സ്വീകരിക്കാൻ മടിയോ പൊന്നാനിക്കില്ല. പൊന്നാനിയുടെ രാഷ്ട്രീയ ചരിത്രവും ഈ മനസിനൊപ്പമാണ്.

1952-ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ 1977 വരെ പൊന്നാനിയിൽ പാറിയത് ചെങ്കൊടിയായിരുന്നു. 1952-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ കിസാൻ മസ്ദൂർ പ്രജാ പാർട്ടി സ്ഥാനാർത്ഥി കെ. കേളപ്പനും 1962-ൽ ഇ.കെ. ഇമ്പിച്ചി ബാവയും ലോക്‌സഭയിലെത്തി. 1967-ൽ സി.കെ. ചക്രപാണിയും 1971-ൽ എം.കെ.കൃഷ്ണനും പൊന്നാനിയെ സി.പി.എം കോട്ടയാക്കി. ചെങ്കൊടിക്കു മുന്നിൽ അടിയറവ് പറഞ്ഞവരെല്ലാം കോൺഗ്രസ് സ്ഥാനാ‌ർത്ഥികളായിരുന്നു.

1977ൽ അതിർത്തി പുനർനിർണയത്തോടെ പുതിയ പൊന്നാനിയായി. പിന്നീടിങ്ങോട്ട് പാറിയത് ഹരിത പതാക. 1977 മുതൽ 1989 വരെ തുടർച്ചയായി മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും മുംബയ് സ്വദേശിയുമായ ജി.എം. ബനാത്ത് വാല വിജയിച്ചു. 1991-ൽ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും ബംഗളൂരു സ്വദേശിയുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടുവിനെയും ഡൽഹിയിലെത്തിച്ചു. 1996,​ 98,​ 99-കളിൽ ബനാത് വാല തുടർച്ചയായി വിജയിച്ചു. 37 വർഷം പൊന്നാനിയുടെ ശബ്ദമായത് മലയാളമറിയാത്ത മറുനാട്ടുകാർ. മിക്കപ്പോഴും ഒരുലക്ഷത്തിനു മുകളിൽ ഭൂരിപക്ഷവും നൽകി. 2004-ലും 2009-ലും ഇ.അഹമ്മദും 2009 മുതൽ ഇതുവരെ ഇ.ടി.മുഹമ്മദ് ബഷീറും ലോക്‌സഭയിലെ പൊന്നാനി അമരക്കാരായി.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി നിയോജക മണ്ഡലങ്ങളും പാലക്കാട്ടെ തൃത്താലയും അടങ്ങിയതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. താനൂർ,​ തവനൂർ,​ പൊന്നാനി,​ തൃത്താല മണ്ഡലങ്ങളിൽ ഇടത് എം.എൽ.എമാരാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ 6,000 വോട്ടിന്റെ വ്യത്യാസമേയുള്ളൂ. ബി.ജെ.പിക്ക് ശരാശരി ആറു മുതൽ എട്ടു ശതമാനം വോട്ടാണ് ലഭിക്കാറുള്ളത്.

രണ്ടു പതിറ്റാണ്ടിലധികം ചെങ്കൊടി പാറിയ മണ്ണിൽ ആഴത്തിൽ പച്ചപ്പ് വേരുറച്ചതോടെ 1977 മുതൽ 2009 വരെ തിരഞ്ഞെടുപ്പ് മത്സരാവേശം തന്നെ ചോർന്നു. സി.പി.ഐ സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചവരിൽ ഏറെയും. കോൺഗ്രസിലെ പൊട്ടിത്തെറിയിൽ ഇടതു പാളയത്തിലെത്തിയ ആര്യാടൻ മുഹമ്മദ് 1980-ൽ പൊന്നാനിയിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായപ്പോൾ ആവേശ മത്സരമരങ്ങേറി. തൊട്ടു മുമ്പുള്ള തിരഞ്ഞെടുപ്പിൽ 1.02 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടിയ ബനാത്ത്‌വാലയെ അര ലക്ഷത്തിലേക്ക് പിടിച്ചുകെട്ടി.

സ്വതന്ത്രരുടെ നാട്

ഇടതുപക്ഷത്തിനായി മികച്ച സ്ഥാനാർത്ഥി രംഗത്തിറങ്ങിയാൽ പൊന്നാനിയിൽ മത്സരം കടുത്തേക്കാമെന്നതാണ് സമീപകാല ചരിത്രം തെളിയിക്കുന്നത്. 2014-ൽ സിറ്റിംഗ് എം.പിയായ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ കോൺഗ്രസ് വിമതനായെത്തിയ നിലവിലെ മന്ത്രി വി. അബ്ദുറഹ്മാൻ മത്സരിച്ചപ്പോൾ മണ്ഡല ചരിത്രത്തിലെ ഏറ്റവും കുറവ് ഭൂരിപക്ഷമാണ് ഇ.ടിക്കു ലഭിച്ചത്. ഒരുലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം ലഭിക്കാറുള്ള മണ്ഡലത്തിൽ 25,410 വോട്ടിനായിരുന്നു ഇ.ടിയുടെ വിജയം. ലീഗിന്റെ വോട്ടിൽ ഏഴ് ശതമാനത്തോളം കുറവ് വന്നു.

അതേസമയം, 2019-ൽ പി.വി. അൻവറിനെതിരെ 1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഇ.ടിക്കു ലഭിച്ചെങ്കിലും മികച്ച സ്ഥാനാർത്ഥിയിലൂടെ ശക്തമായ മത്സരത്തിനുള്ള സാദ്ധ്യത പൊന്നാനി തുറന്നുവയ്ക്കുന്നുണ്ട്. 2009, 2014, 2019 തിരഞ്ഞെടുപ്പുകളിൽ ഇ.ടി. മുഹമ്മദ് ബഷീറാണ് ലീഗിനായി മത്സരിച്ചത്. തുടർച്ചയായി മൂന്നു തവണ പ്രതിനിധീകരിച്ചതു ചൂണ്ടിക്കാട്ടി മലപ്പുറത്തേക്കു മാറാൻ ഇ.ടി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പകരം പൊന്നാനിയിൽ എം.പി. അബ്ദുസമദ് സമദാനി മത്സരിക്കട്ടെ എന്നാണ് ഇ.ടിയുടെ നിലപാട്. എന്നാൽ മലപ്പുറം വിട്ടുകൊടുക്കാൻ സമദാനിക്ക് താത്പര്യമില്ല. ഇ.ടിയേയും സമദാനിയേയും വീണ്ടും മത്സരിപ്പിക്കാൻ ലീഗിൽ ഏറക്കുറേ ധാരണയായിട്ടുണ്ട്. മണ്ഡല മാറ്റത്തിൽ ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ല.

യു.ഡി.എഫിന്റെ വോട്ടുകൾ ചോർത്താൻ ശേഷിയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിക്കാണ് സി.പി.എം പ്രഥമ പരിഗണന നൽകുന്നത്. കോൺഗ്രസ് വോട്ടിലാണ് പ്രധാന നോട്ടം. മണ്ഡലം പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പോടെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാൽ പൊന്നാനിയിൽ കാര്യങ്ങൾ എളുപ്പമാവുമെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇടതുവേദികളിലേക്ക് ഷൗക്കത്തിനെ പലവട്ടം ക്ഷണിച്ചെങ്കിലും ഇതുവരെ പങ്കെടുത്തിട്ടില്ല. സി.പി.എമ്മിന്റെ നീക്കം മുന്നിൽക്കണ്ട് ഷൗക്കത്തിനെ പിണക്കരുതെന്ന മുന്നറിയിപ്പ് ലീഗ് നേതൃത്വം കോൺഗ്രസിനു നൽകിയിട്ടുണ്ട്.

സമസ്തയ്ക്കു കൂടി സ്വീകാര്യനായ പൊതുസ്വതന്ത്രനെ കണ്ടെത്താനും സി.പി.എം ശ്രമിക്കുന്നുണ്ട്. അവസാന നിമിഷം സസ്പെൻസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന പതിവ് ഇത്തവണയും പൊന്നാനിയിൽ തുടരുമെന്നാണ് വിവരം.

കഴിഞ്ഞ തവണ വി.ടി.രമ ബി.ജെ.പിക്കായി മത്സരിച്ചപ്പോൾ 1.10 ലക്ഷം വോട്ടാണ് ലഭിച്ചത്. മണ്ഡല ചരിത്രത്തിൽ ആദ്യമായി പത്ത് ശതമാനം വോട്ട് വിഹിതം ലഭിച്ചു. പൊന്നാനിയിലെ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് ബി.ജെ.പി കടക്കൂന്നതേയുള്ളൂ.

ന്യൂനപക്ഷങ്ങൾ നിർണ്ണായകമായ മണ്ഡലത്തിൽ കേന്ദ്ര സ‌ർക്കാരിന്റെ നിലപാടുകളാണ് പ്രധാന ചർച്ചാവിഷയം. മത്സ്യത്തൊലാളികൾ ഏറെയുണ്ട് എന്നതിനാൽ സബ്സിഡി മണ്ണെണ്ണയുടെ ക്ഷാമവും ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരിടുന്ന ഗതാഗത തടസങ്ങളും അണ്ടർപാസുകളുടെ അഭാവവും പരിഹരിക്കപ്പെടാത്തതിലെ അതൃപ്തിയും ശക്തമാണ്. തിരൂർ സ്റ്റേഷനോടുള്ള റെയിൽവേയോടുള്ള അവഗണനയും പ്രധാന വിഷയമാണ്.

സവർത്ര വികസനം

കോൾ കർഷകർക്കായി 414 കോടിയുടെ പദ്ധതി നടപ്പാക്കി. തിരൂരിൽ വന്ദേഭാരത് അടക്കം കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്. എം.പി. ഫണ്ട് നീതിപൂർവ്വമായി വിനിയോഗിച്ചു. പൗരത്വ പ്രശ്നമടക്കം ന്യൂനപക്ഷ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടു. വിമാനക്കൂലി വിഷയത്തിൽ ശക്തമായി വാദിച്ചു

- ഇ.ടി.മുഹമ്മദ് ബഷീർ എം.പി

കടുത്ത അലംഭാവം

പൗരത്വ പ്രശ്നം അടക്കം ന്യൂനപക്ഷ വിരുദ്ധ നയങ്ങളെ എതി‌ർക്കുന്നതിൽ അലംഭാവമുണ്ടായി. റെയിൽവേ അവഗണനയ്ക്കെതിരെ വിരലനക്കിയില്ല. കരിപ്പൂർ വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടും തുടർപ്രവർത്തനം വേഗത്തിലാക്കാൻ സമ്മർദ്ദം ചെലുത്തുന്നില്ല.

- ഇ.എൻ.മോഹൻദാസ്, സി.പി.എം ജില്ലാ സെക്രട്ടറി

മോദിയുടെ കാരുണ്യം

കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് എല്ലാ വികസനവും. മോദി സർക്കാർ വരുന്നതിനു മുമ്പും പൊന്നാനിയിൽ ലീഗിന്റെ പ്രതിനിധിയായിരുന്നു. അന്ന് യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല. കേന്ദ്രീയ വിദ്യാലയത്തിനായി സ്ഥലം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല.

- രവി തേലത്ത്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്