
ജീവിതത്തിൽ ഒരു തവണയെങ്കിലും താരൻ മൂലം ബുദ്ധിമുട്ടനുഭവിക്കാത്തവരുണ്ടാകില്ല. തല ചൊറിച്ചിലും, മുടികൊഴിച്ചിലും മുഖക്കുരുവും അടക്കം നിരവധി സൗന്ദര്യ പ്രശ്നങ്ങളും താരന് പിന്നാലെ വരും. തോർത്ത്, ചീപ്പ്, തലയണ തുടങ്ങിയവയിലൂടെ താരൻ പെട്ടന്ന് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നു.
താരനെ അകറ്റാനുള്ള ഷാംപുവൊക്കെ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവയിൽ പലതും എത്ര എഫക്ടീവ് അല്ലെന്നാണ് പൊതുവിലുള്ള സംസാരം.തലയിൽ തേക്കുന്ന സമയത്ത് ആശ്വാസമുണ്ടാകുമെങ്കിലും ഉപയോഗം നിർത്തിയാൽ പിന്നാലെ താരനും വരുമെന്നാണ് പലരുടെയും പരാതി.
മാർക്കറ്റിൽ കിട്ടുന്ന സാധനങ്ങൾ വാങ്ങിക്കാതെ, വലിയ പണച്ചെലവൊന്നുമില്ലാതെ തികച്ചും നാച്വറലായ രീതിയിൽ താരനെ അകറ്റാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. നമ്മൾ വെറുതെ കളയുന്ന ഓറഞ്ച് തൊലി ഉപയോഗിച്ച് താരനെ അകറ്റാൻ സാധിക്കുമെന്ന് എത്രപേർക്ക് അറിയാം.
ഓറഞ്ച് തൊലിയിൽ കാത്സ്യം, മഗ്നീഷ്യം, വിറ്റാമിൻ എ എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. ഉണക്കിപൊടിച്ചെടുത്ത ഓറഞ്ച് തൊലിയിലേക്ക് ചെറുനാരങ്ങനീര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേക്കുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്താൽ താരൻ അപ്രത്യമാകും.
ഓറഞ്ച് തൊലി ഉണക്കി, പൊടിച്ചതിലേക്ക് തൈര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി അരമണിക്കൂർ തലയിൽ പുരട്ടുക. ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്താൽ താരനെ അകറ്റാം.