
ന്യൂഡൽഹി: കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഇന്ത്യയിലെ 24.82 കോടി ജനങ്ങൾ ദാരിദ്ര്യ മുക്തരായെന്ന് വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം. 2013-14 കാലയളവിൽ രാജ്യത്തെ ബഹുമുഖ ദാരിദ്ര്യനിരക്ക് 29.17 ശതമാനമായിരുന്നത് 2022- 23 കാലയളവിൽ 11.28 ശതമാനമായി കുറഞ്ഞു. വാർത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റിസർച്ച് യൂണിറ്റാണ് കണക്കുകൾ പുറത്തുവിട്ടത്. ദാരിദ്ര്യമുക്തി നേടിയവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടു. ഉയർന്ന വിദ്യാഭ്യാസം നേടുകയും ആരോഗ്യപുരോഗതി കൈവരിക്കുകയും ചെയ്തുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
വ്യക്തിഗത തലത്തിൽ ബഹുമുഖ ദാരിദ്ര്യനിരക്ക് കണക്കാക്കുന്നത് ബഹുമുഖ ദാരിദ്ര്യ സൂചികയുടെ (എംപിഐ) അടിസ്ഥാനത്തിലാണ്. 12 സൂചകങ്ങളിൽ ഒരു വ്യക്തിക്ക് മൂന്നോ അതിൽ കൂടുതലോ ഇല്ലാതെ വരുമ്പോൾ എം പി ഐ പ്രകാരം അയാളെ ദരിദ്രനായി കണക്കാക്കുന്നു. പോഷകാഹാരം, ശിശുമരണനിരക്ക്, മാതാവിന്റെ ആരോഗ്യം, സ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ ഹാജർനില, പാചകവാതകം, ശുചീകരണം, കുടിവെള്ളം, വീട്, വൈദ്യുതി, സമ്പത്ത്, ബാങ്ക് അക്കൗണ്ട് എന്നിവയാണ് 12 സൂചകങ്ങൾ. 2005- 06, 2015- 16, 2019- 21 എന്നീ കാലയളവിൽ രാജ്യത്തെ ബഹുമുഖ ദാരിദ്ര്യ നിരക്കുമായി ബന്ധപ്പെട്ട കണക്കുകൾ തയ്യാറാക്കിയത് നീതി ആയോഗ് ആയിരുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ തയ്യാറാക്കിയത്.
2024ഓടെ ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് ഒറ്റ അക്കത്തിലെത്തിക്കാനുള്ള പദ്ധതികളാണ് നീതി ആയോഗ് തയ്യാറാക്കുന്നത്. 2013-2014 to 2022-2023 കാലയളവിലാണ് ബഹുമുഖ ദാരിദ്ര്യനിരക്ക് കുറയാൻ ആരംഭിച്ചത്. കേന്ദ്രസർക്കാരിന്റെ അനേകം പദ്ധതികളാണ് ഇത് സാദ്ധ്യമാക്കിയത്. ഓരോ സൂചകങ്ങളുടെയും ഗുണനിലവാരം വർദ്ധിപ്പിക്കാൻ സംയോജിതമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇതിനായി സുസ്ഥിര വികസനത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നു. 2030ഓടെ രാജ്യത്തെ ദാരിദ്രനിരക്ക് പകുതിയാക്കുകയാണ് ലക്ഷ്യം.
ബഹുമുഖ ദാരിദ്ര്യസൂചിക കുറയ്ക്കാൻ കേന്ദ്രസർക്കാരിന്റെ ശക്തമായ ഒൻപത് പദ്ധതികളാണുള്ളത്.
ഈ പദ്ധതികൾ ആരോഗ്യ സംരക്ഷണം, ജീവിത സാഹചര്യങ്ങൾ, സാമ്പത്തികം എന്നീ മേഖലകളിൽ വലിയ മാറ്റങ്ങളാണ് രാജ്യത്ത് കൊണ്ടുവന്നത്. ഇതിലൂടെ രാജ്യത്തെ ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.