nesaprabhu

ചെന്നെെ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ മാദ്ധ്യമപ്രവർത്തകന് വെട്ടേറ്റു. ഇന്നലെ വെെകിട്ടാണ് ഒരു സംഘം ആളുകൾ മാദ്ധ്യമപ്രവർത്തകനായ നേശപ്രഭുവിനെ ആക്രമിച്ചത്. 'ന്യൂസ് 7' ചാനലിന്റെ തിരുപ്പൂർ റിപ്പോർട്ടറാണ് നേശപ്രഭു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു മദ്യവിൽപ്പന ശാലയിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് അടുത്തിടെ നേശപ്രഭു റിപ്പോർട്ട് ചെയ്തിരുന്നു. ആക്രണത്തിന് പിന്നിൽ ഇതിന്റെ വിരോധമാകാമെന്നാണ് നിഗമനം.

ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് നേശപ്രഭു പൊലീസിന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആറ് പേർ തന്നെ പിന്തുടരുന്നുണ്ടെന്നും അവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ ഉണ്ടെന്നും മാദ്ധ്യമപ്രവർത്തകൻ പൊലീസിൽ അറിയിച്ചിരുന്നു. എന്നാൽ പരിശോധിക്കമെന്ന് മാത്രമാണ് പൊലീസ് പറഞ്ഞത്. ഇന്നലെ ആക്രമിക്കപ്പെടുന്നതിന് മുൻപും നേശപ്രഭു പൊലീസിനെ വിളിച്ച് സഹായം തേടിയിരുന്നു.എന്നാൽ സുരക്ഷ വേണമെങ്കിൽ സ്റ്റേഷനിൽ വരണമെന്നായിരുന്നു പൊലീസിന്റെ മറുപടി. ഇതിന് പിന്നാലെയാണ് സംഘം നേശപ്രഭുവിനെ വെട്ടിപരിക്കേൽപ്പിച്ചത്. വലതുകെെയ്ക്ക് ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രണമത്തിന് മണിക്കൂറുകൾ മുൻപ് ഫോൺ വിളിച്ചിട്ടും പൊലീസ് മാദ്ധ്യമപ്രവ‌ർത്തകനെ സഹായിക്കാൻ പോകാത്തതിൽ പ്രതികരിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രംഗത്തെത്തി.

'തിരുപ്പൂർ ജില്ലയിലെ പല്ലടത്ത് മാധ്യമപ്രവർത്തകൻ നേശപ്രഭു ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ചിലർ തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നതായി നേശപ്രഭു പൊലീസിൽ പരാതിപ്പെടുകയും ആക്രമണത്തിന് നാല് മണിക്കൂർ മുമ്പ് വിവരം അറിയിക്കുകയും ചെയ്തു. ഈ സർക്കാരിന്റെ പോലീസ് ഒരു നടപടിയും സ്വീകരിക്കാതെ അലംഭാവത്തോടെ പെരുമാറിയത് അങ്ങേയറ്റം അപലപനീയമാണ്,' - പളനിസ്വാമി എക്സിൽ കുറിച്ചു.

திருப்பூர் மாவட்டம் பல்லடத்தில் செய்தியாளர் நேசபிரபு கொடூரமான முறையில் தாக்கப்பட்டுள்ள சம்பவம் அதிர்ச்சியளிக்கிறது.

மர்ம நபர்கள் தன்னை தாக்குவதற்கான அச்சமான சூழ்நிலை நிலவுவதாக நேசபிரபு தொடர்ச்சியாக காவல்துறையிடம் முறையிட்டும், தாக்குதலுக்கு 4 மணிநேரங்களுக்கு முன்பே தெரிவித்தும்… pic.twitter.com/zIfxpLH2zd

— Edappadi K Palaniswami (@EPSTamilNadu) January 25, 2024