arrest

നീലേശ്വരം: കാസർകോട് നിന്നും കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി മിന്നൽ ബസിനെ ആക്രമിച്ച മൂന്നു പേരെ വധശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പയ്യന്നൂർ രാമന്തളി എട്ടിക്കുളത്തെ ഹംസ മുട്ടുവൻ (19), കുന്നും കൈയിലെ ദീപക് ദിനേശൻ (23), വെസ്റ്റ് എളേരി കോട്ടൂരത്ത് ഹൗസിൽ കെ.ആർ. പ്രവീൺ(23) എന്നിവരെയാണ് നീലേശ്വരം എസ്‌.ഐ മധുസൂദനൻ മടിക്കൈയും സംഘവും അറസ്റ്റുചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ വെച്ചാണ് ബസിന് നേരെ ആക്രമണം ഉണ്ടായത്. കാഞ്ഞങ്ങാട് സൗത്തിൽ ബസ് കൈകാണിച്ചിട്ടും നിർത്തിയില്ലെന്നാരോപിച്ചാണ് കാറിൽ വന്ന മൂന്നംഗസംഘം ബസിന് കുറുകെ കാർ നിർത്തിയിട്ട് കുപ്പികൊണ്ടും കല്ലുകൊണ്ടും എറിഞ്ഞത്. മിന്നൽ ബസാണെന്നും സ്റ്റോപ്പില്ലാത്തതുകൊണ്ടാണ് നിർത്താതിരുന്നതെന്നും ഡ്രൈവറും കണ്ടക്ടറും ഇവരോട് പറഞ്ഞെങ്കിലും കെ.എസ്.ആർ.ടി.സി ബസാണെന്നും കൈനീട്ടിയാൽ എവിടെയായാലും നിർത്തണമെന്നും പറഞ്ഞ് കണ്ടക്ടറേയും ഡ്രൈവറേയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ അക്രമികളെ വളഞ്ഞുവച്ച് നീലേശ്വരം പൊലീസിൽ വിവരം അറിയിച്ചു.

നീലേശ്വരം എസ്‌.ഐ മധുസൂദനൻ മടിക്കൈയും സംഘവും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നുപേരും മദ്യലഹരിയിലായിരുന്നു. പിന്നീട് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ഇവരെ വൈദ്യപരിശോധനക്ക് വിധേയമാക്കി. തുടർന്ന് നരഹത്യാശ്രമം ഉൾപ്പെടെയുള്ള കുറ്റം ചുമത്തി കേസെടുത്തു.