കൊച്ചി: പ്രമുഖ കമ്പനിക്കായി ടാറ്റാ കൺസ്ട്രക്‌ഷൻ ലിമിറ്റ‌ഡ് കാക്കനാട്ട് നിർമ്മിച്ച കെട്ടിടത്തിന്റെ ശേഷിപ്പായ 4000ടൺ ആക്രിസാധനങ്ങൾ 12കോടിരൂപയ്ക്ക് നല്കാമെന്ന് വിശ്വസിപ്പിച്ച് 27ലക്ഷംരൂപതട്ടിയ കേസിൽ എടത്തല പൊലീസീന്റെ അന്വേഷണം ഇഴയുകയാണെന്ന് ആക്രിസ്ഥാപനഉടമയും ക്യാൻസർ രോഗിയുമായ കോട്ടയം പള്ളിക്കച്ചിറ സ്വദേശിനി കൊച്ചുപറമ്പിൽ ഹസീന മുഖ്യമന്ത്രിക്ക് പരാതി നല്കി. എടത്തല പത്തനയാത്ത് വീട്ടിൽ പി.കെ. സലാം, പോത്തൻകോട് സ്വദേശി നിതീഷ് എന്നിവർക്കെതിരെയാണ് പരാതി. ഇടനിലക്കാരൻ മുഖേന 2023 ജനുവരിയിലാണ് കാക്കനാട്ടെ ഗോ‌ഡൗണിലെത്തി ഹസീനയുടെ ഭർത്താവ് നൗഷാദും മകനും ആക്രിസാധനങ്ങൾ നേരിട്ടുകണ്ട് കച്ചവടം ഉറപ്പിച്ചത്. ടാറ്റാ കൺസ്ട്രക്‌ഷൻ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ സലാം 12കോടിരൂപയ്ക്ക് ഇവ നല്കാമെന്ന് ഉറപ്പുനല്കുകയായിരുന്നു. പോത്തൻകോട് സ്വദേശിയാണ് ഇതിന് നേതൃത്വം നൽകിയത്. തുടർന്ന് കൊച്ചിയിലെ ആഡംബരഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയിൽ കയറ്റിറക്ക് കൂലിക്കും മറ്റുമായി 27 ലക്ഷം കൈക്കലാക്കിയെന്ന് പരാതിയിൽ പറയുന്നു. ഇടപാട് നീണ്ടുപോയതിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ ഗുജറാത്തിലെ ഒരുകമ്പനിക്ക് വിറ്റെന്ന് അറിഞ്ഞതായി ഹസീനയുടെ ഭ‌ർത്താവ് വാർത്താസമ്മേളത്തിൽ പറഞ്ഞു.

പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ആദ്യംശ്രമിച്ചത്. എന്നാൽ പ്രതി വണ്ടിച്ചെക്ക് നല്കിയതോടെ ആഗസ്റ്റിൽ പൊലീസിനെ സമീപിച്ചു. കേസെടുക്കാൻ എടത്തല പൊലീസ് കൂട്ടാക്കിയില്ല. ഗോഡൗൺ കാക്കനാട്ടായതിനാൽ അവിടെ പരാതിപ്പെടാൻ നിർദ്ദേശിച്ചു. കര‌ാർ ഒപ്പിട്ടത് എടത്തലയിലായതിനാൽ അവിടെ കേസെടുക്കാനാകില്ലെന്ന് തൃക്കാക്കര പൊലീസും പറഞ്ഞതോടെ ഹസീനയും കുടുംബവും സ്റ്റേഷനുകൾ കയറിയിറങ്ങി. തുടർന്ന് കോടതിയിൽനിന്ന് നിർദ്ദേശം ലഭിച്ചതോടെ കഴിഞ്ഞ 18നാണ് കേസെടുക്കാൻ എടത്തല പൊലീസ് തയ്യാറായത്. എന്നിട്ടും പ്രതിയെ പിടികൂടാനോ പണം തിരികെവാങ്ങി നല്കാനോ പൊലീസ് താത്പര്യം കാണിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു.

പ്രതി ഒളിവിലെന്ന് പൊലീസ്

എടത്തല സ്വദേശി പി.കെ. സലാമിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും എടത്തല എസ്.എച്ച്.ഒ എ.എൻ. ഷാജു പറഞ്ഞു.