
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ നിറയെ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടുള്ള വാർത്തകളും ചിത്രങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ റൂബിക്സ് ക്യൂബ് കൊണ്ട് ശ്രീരാമന്റെ ഛായാചിത്രമുണ്ടാക്കുന്ന ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
കർണാടകയിലെ മൈസൂരുവിൽ നിന്നുള്ള പ്രണവ് പി വിനയ് എന്ന ഏഴാം ക്ലാസുകാരനാണ് നിമിഷനേരങ്ങൾ കൊണ്ട് റൂബിക്സ് ക്യൂബിൽ ശ്രീരാമന്റെ ഛായാത്രം തയ്യാറാക്കിയത്. 498 റൂബിക്സ് ക്യൂബുകൾ ഉപയോഗിച്ചാണ് ഈ വിസ്മയിപ്പിക്കുന്ന ശ്രീരാമരൂപം പ്രണവ് തയ്യാറാക്കിയത്. ജയ്‌ശ്രീറാം എന്ന് എഴുതിയിരിക്കുന്നതും വീഡിയോയിൽ കാണാം.
മിക്കവരിലും ആശയക്കുഴപ്പമുണ്ടാക്കുന്ന റൂബിക്സ് ക്യൂബിലെ പസിലുകൾ എളുപ്പത്തിൽ സോൾവ് ചെയ്യുന്ന പ്രണവ്, കർണാടക ബുക്ക് ഒഫ് റെക്കോർഡ്സും ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സും നേടിയിട്ടുണ്ട്. പ്രണവ് ഇതാദ്യമായിട്ടല്ല റൂബിക്‌സ് ക്യൂബുകൾ ഉപയോഗിച്ച് ദൈവങ്ങളുടെ ചിത്രം തയ്യാറാക്കുന്നത്. ഇതിനുമുമ്പ് റൂബിക്സ് ശ്രീകൃഷ്ണന്റെ ചിത്രം തയ്യാറാക്കിയിരുന്നു. 400 റൂബിക്സ് ക്യൂബുകളായിരുന്നു അതിനായി ഉപയോഗിച്ചത്.