bhavans-college

തിരുവനന്തപുരം: മാദ്ധ്യമ വിമർശനമില്ലെങ്കിൽ നല്ല ജനാധിപത്യഭരണം സാദ്ധ്യമല്ലെന്ന് ഭാരതീയ വിദ്യാഭവൻ ചെയർമാനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ടി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഭാരതീയ വിദ്യാഭവൻ ജേർണലിസം കോളേജിലെ നാൽപ്പത്തിയൊന്നാം ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നേതൃത്വവും അധികാരികളും മാദ്ധ്യമങ്ങളുടെ വിമർശനങ്ങളെ അസഹിഷ്ണുതയോടെ കാണുകയല്ല വേണ്ടത്. മറിച്ച് തിരുത്താനുള്ള അവസരമായി എടുക്കണം. അതുകൊണ്ടു തന്നെ മാദ്ധ്യമപ്രവർത്തകരാകുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തം ജനാധിപത്യത്തെ കൂടുതൽ കരുത്തോടെ മുൻപോട്ട് നയിക്കാൻ പറ്റുന്ന തരത്തിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലൂന്നിയ വിമർശനവും കാഴ്ച്ചപ്പാടുകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലേഷ്യ ആസ്ഥാനമായ ലിങ്കൺ യൂണിവേഴ്സിറ്റിയുടെ റിസർച്ച് ​ഗൈഡായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഡോ. എം വി തോമസിനെ ടി ബാലകൃഷൻ ചടങ്ങിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ഭവൻസ് സെക്രട്ടറി എസ് ശ്രീനിവാസൻ ഐഎഎസ് അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ പ്രസാദ് നാരായണൻ സ്വാ​ഗതവും ഡയറക്ടർ ജി എൽ മുരളീധരൻ നന്ദിയും പ്രകാശിപ്പിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ അജിത്ത് വെണ്ണിയൂർ, പി കെ സുരേന്ദ്രൻ നായർ, റാങ്കുജേതാക്കളായ ലക്ഷ്മിപ്രിയ, മഹേഷ് എം ജി എന്നിവരും സംസാരിച്ചു.