share

കൊച്ചി: രാജ്യത്തെ പുതിയ തീർത്ഥാടന കേന്ദ്രമായ അയോദ്ധ്യയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന്റെ കരുത്തിൽ ഏവിയേഷൻ, ഹോട്ടൽ, അടിസ്ഥാനസൗകര്യ വികസനം, ടൂറിസം, ഹോസ്പിറ്റാലിറ്റി, റെയിൽവേ മേഖലകളിലെ കമ്പനികളുടെ ഓഹരികളിൽ വൻ കുതിപ്പ് ദൃശ്യമാകുന്നു. പ്രതിവർഷം അഞ്ച് കോടി ആഭ്യന്തര, വിദേശ സഞ്ചാരികൾ തീർത്ഥാടനത്തിനായി അയോദ്ധ്യയിലെ പുതിയ രാമമന്ദിരത്തിലെത്തുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. നടപ്പുവർഷം അടിസ്ഥാനസൗകര്യ വികസനവും അനുബന്ധ സേവനങ്ങളും ഒരുക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാരും സ്വകാര്യ സംരംഭകരും ചേർന്ന് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നതെന്ന് എസ്.ബി.ഐ ഗവേഷണ വിഭാഗം വിലയിരുത്തുന്നു.

അയോദ്ധ്യയിലെ പുതിയ വിമാനത്താവളത്തിലേക്ക് നേരിട്ട് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്ന വ്യോമയാന കമ്പനികളായ ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുടെ ഓഹരി വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻമുന്നേറ്റമുണ്ടായി. ഒരു വർഷത്തിനിടെ ഇൻഡിഗോയുടെ ഉടമസ്ഥരായ ഇന്റർഗ്ളോബിന്റെ ഓഹരി വില 38 ശതമാനം ഉയർന്ന് 2,909 രൂപയിലെത്തി. സ്പൈസ്ജെറ്റിന്റെ ഓഹരി വില 72 ശതമാനം വർദ്ധനയോടെ 62.5 രൂപയായി.

ടൂറിസം മേഖലയിലെ പ്രമുഖ കമ്പനിയായ പ്രവേഗിന്റെ ഓഹരി വിലയിലും വൻ കുതിപ്പാണ് ദൃശ്യമാകുന്നത്. തീർത്ഥാടകർക്ക് താമസിക്കുന്നതിനായി മികച്ച സൗകര്യങ്ങളാണ് പ്രവേഗ് ക്ഷേത്രനഗരത്തിൽ ഒരുക്കിയിട്ടുള്ളത്. ശരാശരി റൂമൊന്നിന് 8,000 രൂപ നിരക്കാണ് ഈടാക്കുന്നത്. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനാൽ പുതിയ ഒരു ടെന്റ് സിറ്റി കൂടി നിർമ്മിക്കാൻ അവർ ഒരുങ്ങുന്നു.

അയോദ്ധ്യയിലേക്ക് ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന ദൃശ്യമായതോടെ ഐ.ആർ.സി.ടി.സിയുടെ ഓഹരി വിലയിലും കുതിപ്പുണ്ടായി. രാമായണ എക്‌സ്പ്രസ് എന്ന പേരിൽ സ്പെഷ്യൽ ട്രെയിനും അയോദ്ധ്യയിലേക്ക് ഐ.ആർ.സി.ടി.സി സർവീസ് ആരംഭിച്ചിരുന്നു. ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി വില 50 ശതമാനം ഉയർന്ന് 969 രൂപയിലെത്തി.

ഹോട്ടൽ മേഖലയിലെ പ്രമുഖരായ ഇ.ഐ.എച്ച്, ഇന്ത്യൻ ഹോട്ടൽസ്, ഐ.ടി.സി എന്നിവയുടെ ഓഹരികളിലും മികച്ച വർദ്ധന ദൃശ്യമായി.

പ്രതിവർഷം പ്രതീക്ഷിക്കുന്ന തീർത്ഥാടകർ : അഞ്ച് കോടി

വിവിധ പദ്ധതികളിലായുള്ള നിക്ഷേപം : നാല് ലക്ഷം കോടി രൂപ