p-balachandran

തൃശൂർ: ശ്രീരാമനും സീതയും ലക്ഷ്‌മണനുമായി ബന്ധപ്പെട്ട സമൂഹമാദ്ധ്യമ പോസ്റ്റ് വിവാദമായതിന് പിന്നാലെ പിൻവലിച്ച് തൃശൂർ എംഎൽഎയും സിപിഐ നേതാവുമായ പി ബാലചന്ദ്രൻ. രാമൻ സാധുവായിരുന്നുവെന്നും രാമനും ലക്ഷ്‌മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തുവെന്നുമാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ എംഎൽഎ കുറിച്ചത്. ഇതിൽ കടുത്ത വിമർശനവുമായി ബിജെപി അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. പിന്നാലെ പോസ്റ്റ് പിൻവലിച്ച എംഎൽഎ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു പഴയ കഥ പങ്കുവച്ചതാണെന്നാണ് പി ബാലചന്ദ്രന്റെ വിശദീകരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞദിവസം എഫ്‌ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത്. ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.

ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് പോസ്റ്റ് എന്നാണ് വിമർശനമുയർന്നത്. പി ബാലചന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ രംഗത്തെത്തിയിരുന്നു. '

'കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാൻ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാർക്കാണ് കഴിയുക? മതഭീകരവാദികളുടെ വോട്ടിനുവേണ്ടി സ്വന്തം നാടിനെയും സംസ്‌കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടർ വ്യഭിചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതുപോലെ വൃത്തികെട്ട ജനപ്രതിനിധിയെയും അവന്റെ പാർട്ടിയെയും ചുമക്കാൻ അവസരമുണ്ടാക്കിയവർ ആത്മാഭിമാനമുണ്ടെങ്കിൽ ഇതുകണ്ട് ലജ്ജിച്ച് തലതാഴ്‌ത്തട്ടെ'- എന്നായിരുന്നു അനീഷ് കുമാർ കുറിപ്പിലൂടെ വിമർശിച്ചത്.

പി ബാലചന്ദ്രൻ എംഎൽഎയുടെ പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐയും രംഗത്തെത്തി. പി ബാലചന്ദ്രന്‍ എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ രാമായണത്തെയും ശ്രീരാമനെയും സീതയെയുമെല്ലാം ബന്ധിപ്പിച്ച് എഴുതിയ അഭിപ്രായം തികച്ചും തെറ്റാണെന്നും അത് പാര്‍ട്ടി നിലപാട് അല്ല എന്നും സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ കെ വത്സരാജ് പ്രസ്താവനയില്‍ വ്യക്തമാക്കി.

'ഇത്തരത്തില്‍ ഒരു അഭിപ്രായം സിപിഐയ്‌ക്കോ എല്‍ഡിഎഫിനോ ഇല്ല. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും ഒരുപോലെ കാണുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുള്ളത്. മതനിരപേക്ഷ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ വര്‍ഗീയതയ്ക്കും അന്യമതവിദ്വേഷത്തിനും എതിരെ നിലപാട് സ്വീകരിക്കുകയും സര്‍വ്വമതസമഭാവനയ്ക്കായി നിലകൊള്ളുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഐ.

എന്നാല്‍, ആ നിലപാടിന് വിരുദ്ധമായി ഫേസ്‌ബുക്കില്‍ അഭിപ്രായം എഴുതിയ പി ബാലചന്ദ്രന്‍ എംഎല്‍എ തന്നെ ഇതിനകം തന്റെ ഭാഗത്തുനിന്ന് ഉണ്ടായ ജാഗ്രതക്കുറവ് തിരിച്ചറിയുകയും തിരുത്തുകയും പോസ്റ്റ് പിന്‍വലിച്ച് നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യകരമായ ഈ സംഭവം മൂലം വിശ്വാസികള്‍ക്ക് ഉണ്ടായ പ്രയാസത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു'- ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രസ്താവനയില്‍ അറിയിച്ചു.