food

ലക്ഷദ്വീപിലുളളവ‌ർക്ക് ഇനിമുതൽ ഇഷ്ടഭക്ഷണങ്ങൾ എളുപ്പത്തിൽ വീട്ടിലെത്തിച്ച് കഴിക്കാം. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ സേവനങ്ങൾ ലക്ഷദ്വീപിലെ അഗത്തിയിലും ലഭ്യമാകും. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് അഗത്തിയിൽ സ്വിഗ്ഗിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതോടെ ലക്ഷദ്വീപിൽ പ്രവേശിക്കുന്ന ആദ്യത്തെ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായി സ്വിഗ്ഗി മാറും.

ലക്ഷദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും പ്രാദേശിക ഭക്ഷണശാലകളിൽ നിന്നും രുചികരമായ ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രാദേശിക ഭക്ഷണശാലകളുടെ ശാക്തീകരണവും നടപ്പിലാക്കാൻ സാധിക്കും. ലക്ഷദ്വീപിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിലായിരിക്കും സ്വിഗ്ഗി സേവനങ്ങൾ ഉറപ്പാക്കുന്നത്.എല്ലാ ഡെലിവറിയും സൈക്കിളിൽ മാത്രമായിരിക്കും നടത്തുക. ആദ്യ തവണ സ്വിഗ്ഗി ഉപയോക്താക്കൾക്ക് 100 രൂപ വരെയുള്ള ഓർഡറുകൾക്ക് 50 ശതമാനം കിഴിവ് ലഭിക്കുന്നതാണ്, കൂടാതെ ആദ്യ ഓർഡറുകൾക്ക് സൗജന്യ ഡെലിവറിയും തുടങ്ങി പ്രത്യേക ലോഞ്ച് ഓഫറുകളും ഉണ്ടാകും.

ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത സൗകര്യങ്ങൾ നൽകുന്നതിന് തുടർച്ചയായി ശ്രമിക്കുന്നുണ്ടെന്ന് സ്വിഗ്ഗി ഫുഡ് മാർക്കറ്റ്പ്ലെയ്സ് നാഷണൽ ബിസിനസ് ഹെഡ് സിദ്ധാർത്ഥ് ബക്കൂ പറഞ്ഞു. ലക്ഷദ്വീപിലുളള യുവാക്കൾക്ക് വരുമാന മാർഗങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രാദേശിക റെസ്റ്റോറന്റുകളുമായി സഹകരിക്കാനും ബിസിനസ്സ് വിപുലീകരണത്തിൽ അവയെ പിന്തുണക്കാനും കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.