pic

കാൻബെറ: ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ ഫിലിപ് ഐലൻഡിലുള്ള ഫോറസ്റ്റ് കേവ്സ് ബീച്ചിൽ ഇന്ത്യക്കാരായ നാല് പേർ മുങ്ങി മരിച്ചു. ബന്ധുക്കളായ ജഗ്ജീത്ത് സിംഗ് (23), സുഹാനി ആനന്ദ് (20), കീർത്തി ബേദി (20), റീമ സോന്ദി (43) എന്നിവരാണ് മരിച്ചത്. അവധി ആഘോഷിക്കാനെത്തിയ റീമ ഒഴികെ മറ്റ് മൂന്ന് പേരും തെക്കുകിഴക്കൻ മെൽബണിൽ സ്ഥിരതാമസക്കാരാണ്.

പ്രാദേശിക സമയം, ബുധനാഴ്ച വൈകിട്ട് 3.30നായിരുന്നു അപകടം. കടലിൽ നീന്തുന്നതിനിടെ ഇവർ തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്നെന്നും ഇന്നേരം ബീച്ചിൽ ലൈഫ് ഗാർഡ് പട്രോളിംഗ് ഉണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു. പത്ത് പേരടങ്ങുന്ന സംഘമായാണ് ഇവർ ബീച്ചിലെത്തിയത്.

മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. ഓസ്‌ട്രേലിയയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഫിലിപ് ഐലൻഡ്.