haridwar

ഡെറാഡൂൺ: ക്യാൻസർ മാറാൻ ഗംഗാ നദിയിൽ മുക്കിയ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം.

മാതാപിതാക്കൾ നോക്കി നിൽക്കെ കുട്ടിയുടെ അമ്മായിയാണ് നദിയിൽ മുക്കിയത്. തണുപ്പുള്ള വെള്ളത്തിൽ ഏറെ നേരം കുട്ടിയെ മുക്കിപ്പിടിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം.

ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. രോഗം മൂർച്ഛിച്ചതോടെ കുഞ്ഞിനെ രക്ഷിക്കാനാകില്ലെന്നു ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് ഡൽഹി സ്വദേശികളായ മാതാപിതാക്കൾ മകനെയും കൊണ്ട് ഹരിദ്വാറിലെത്തിയത്.

ഉത്തരേന്ത്യയിലെ കനത്ത ശൈത്യം വകവയ്ക്കാതെയാണ് ഇവർ കുഞ്ഞുമായി ഹരിദ്വാറിലെത്തിയത്. ബന്ധുവായ സ്ത്രീയാണ് കുട്ടിയെ ഗംഗയിൽ മുക്കിയത്.

രക്ഷിതാക്കൾ ഉറക്കെ പ്രാർത്ഥന ചൊല്ലുന്നതും സ്ത്രീ കുട്ടിയെ നദിയിൽ മുക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഏറെ സമയം കഴിഞ്ഞതോടെ സമീപത്തുള്ളവ‌ർ കുട്ടിയെ

പുറത്തെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സ്ത്രീ ആളുകളോട് തട്ടിക്കയറി. ഒടുവിൽ ചുറ്റും കൂടിയവർ തന്നെയാണ് കുഞ്ഞിനെ പുറത്തേക്കു വലിച്ചെടുക്കുന്നത്. അനക്കമില്ലാതെ കിടക്കുന്ന കുട്ടി തിരിച്ചുവരുമെന്നും ഇവർ പറഞ്ഞു. ദ‌ൃക്‌സാക്ഷികൾ പൊലിസിൽ അറിയിച്ചു.

ഡോക്ടർമാർ കൈയൊഴിഞ്ഞതോടെ കുഞ്ഞിനെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ ഹരിദ്വാറിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതാക്കളെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു. അന്വേഷണം നടന്നുവരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് ഇവർ ഹരിദ്വാറിൽ എത്തിയത്. കുട്ടിക്ക് തീരെ സുഖമില്ലെന്നും ക്യാൻസർ ബാധിതനാണെന്നും വീട്ടുകാർ പറഞ്ഞതായി ഇവരെ കൊണ്ടുവിട്ട ഡ്രൈവർ പറഞ്ഞു. കുട്ടിയെ അമ്മായി വെള്ളത്തിൽ മുക്കിയപ്പോൾ മാതാപിതാക്കൾ പ്രാർത്ഥന ചൊല്ലുന്നത് വീഡിയോയിൽ കാണാം.