ind-vs-eng

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് മേല്‍ക്കൈ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സ് നേടി എല്ലാവരും പുറത്തായപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എന്ന നിലയിലാണ്. ഒന്നാംമിന്നിങ്‌സില്‍ ഇംഗ്ലീഷുകാരെ മറികടക്കാന്‍ ഒമ്പത് വിക്കറ്റ് ശേഷിക്കെ 127 റണ്‍സ് കൂടി വേണം.

അതിവേഗം റണ്‍സ് കണ്ടെത്തുന്ന ബാസ്‌ബോള്‍ ശൈലി നടപ്പിലാക്കാന്‍ ഇംഗ്ലണ്ടിനെ അനുവദിക്കാതിരുന്ന ഇന്ത്യ ആദ്യം മുതല്‍ തന്നെ പിടിമുറുക്കി. 76 റണ്‍സ് നേടിയ നായകന്‍ ബെന്‍ സ്റ്റോക്‌സ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടിയത്. സാക് ക്രൗളി (20), ബെന്‍ ഡക്കറ്റ് (35) എന്നിവര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.

ഒലി പോപ്പ് (1), ജോ റൂട്ട് (29), ജോണി ബെയ്‌സ്‌റ്റോ (37) എന്നിങ്ങനെയാണ് ഇംഗ്ലീഷ് മുന്‍നിരയുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി ബൗളിംഗില്‍ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങിയ ഇംഗ്ലീഷ് ടീമിനെ തുടക്കം മുതല്‍ തന്നെ ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മ്മ യശ്വസി ജയ്‌സ്‌വാള്‍ സഖ്യം കടന്നാക്രമിച്ചു. യുവതാരം കത്തികയറിയപ്പോള്‍ നായകന്‍ മികച്ച പിന്തുണ നല്‍കി. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മ (24) പുറത്താകുമ്പോള്‍ സഖ്യം 80 റണ്‍സ് നേടിയിരുന്നു.

യശ്വസിയാണ് ഇംഗ്ലണ്ടുകാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. 70 പന്തുകള്‍ നേരിട്ട താരം ഒമ്പത് ഫോറും മൂന്ന് സിക്‌സും സഹിതം 76 റണ്‍സ് നേടി പുറത്താകാതെ ക്രീസിലുണ്ട്. 14 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ ആണ് കൂട്ട്. രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി മത്സരത്തില്‍ പിടിമുറക്കാന്‍ ഒന്നാമിന്നിംഗ്‌സില്‍ വലിയ സ്‌കോര്‍ നേടാനാകും ഇന്ത്യ ലക്ഷ്യമിടുക.