d

തിരുവനന്തപുരം : വർക്കലയിൽ വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ (48)​ ആണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. കോടതിയിൽ ഹാജരാക്കിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. വൈകുന്നേരം നാലുമണിയോടെ വർക്കല കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു ദേഹ്വാസ്വാസ്ഥ്യം ഉണ്ടായ പ്രതി കുഴഞ്ഞുവീണത്. ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരിയുടെ സഹായത്തോടെ വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തിയ കേസിൽ രാംകുമാറും കൂട്ടാളി ജനാർദ്ദന ഉപാദ്ധ്യായയും ബുധനാഴ്ചാണ് അറസ്റ്റിലായത്. മോഷണത്തിന് ശേഷം മതിൽ ചാടി രക്ഷപ്പെടുമ്പോൾ നാട്ടുകാരാണ് രാംകുമാറിനെ പിടികൂടി അയിരൂർ പൊലീസിന് കൈമാറിയത്.

ചൊവ്വാഴ്ച രാത്രിയാണ് : കിടപ്പു രോഗിയായ വൃദ്ധയുൾപ്പെടെയുള്ള വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി ചേർത്ത് നൽകി മയക്കിയ ശേഷം നേപ്പാളിയായ വീട്ടുജോലിക്കാരിയുടെ നേതൃത്വത്തിൽ കവർച്ച നടന്നത് . ഇലകമൺ ഹരിഹരപുരം എൽ.പി സ്‌കൂളിന് സമീപം ലൈയിം വില്ലയിൽ ശ്രീദേവി അമ്മ (74), മരുമകൾ ദീപ, ഹോം നേഴ്‌സ് വെഞ്ഞാറമൂട് സ്വദേശി സിന്ധു എന്നിവരെയാണ് വീട്ടുജോലിക്കാരിയായ നേപ്പാളി സ്വദേശി സോഹില (28) ചാപ്പത്തിയിലും കുറുമ കറിയിലും ലഹരി ചേർത്ത് നൽകി മയക്കിയത്.

ശ്രീദേവി അമ്മയുടെ മകൻ രാജീവിന് ബംഗളൂരുവിലാണ് ജോലി. രാത്രി 10ന് ഭാര്യ ദീപയെയും ഹോം നേഴ്സിനെയും വിളിച്ചിട്ട് ഫോൺ എടുത്തില്ല. തുടർന്ന് സമീപത്തെ ബന്ധു വീട്ടിൽ വിളിച്ച് വിവരം തിരക്കി. ഇവരെത്തുമ്പോൾ നാലംഗ സംഘം ഓടി രക്ഷപ്പെട്ടു. വീടിന് പിന്നിലെ മതിൽ ചാടി രക്ഷപ്പെടുന്നതിനിടെ കമ്പി വേലിയിൽ കാൽ ഉടക്കി വീണ ജനാർദ്ദന ഉപാദ്ധ്യായയെ രാത്രി 11നാണ് നാട്ടുകാർ കണ്ടെത്തിയത്. ഇയാളുടെ ബാഗിൽ നിന്ന് 35,000 രൂപയും സ്വർണവും കണ്ടെടുത്തു. ഇന്നലെ പുലർച്ചെ നാലിനാണ് സമീപത്തെ കലിങ്കിന് സമീപം ഒളിച്ചിരുന്ന രാം കുമാറിനെ പിടികൂടിയത്.