
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ശ്രീരാമന് ഒരു ക്ഷേത്രം നിര്‍മിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് എന്ന മഹാമേരുവിന് മുന്നില്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ബിജെപി നല്‍കിയ വാഗ്ദാനമായിരുന്നു അത്. അന്നത്തെ ബിജെപിയുടെ ലോക്‌സഭയിലെ അംഗസംഖ്യയും ശക്തിയുമൊക്കെ വെച്ച് അത്തരമൊരു അവകാശവാദം ഉന്നയിക്കുമ്പോള്‍ അതാരും അത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ ഏറ്റവും ശക്തരാണ് ബിജെപി. തങ്ങളുടെ ചരിത്രത്തിലെ സുവര്‍ണകാലത്തിലൂടെ മുന്നേറുമ്പോള്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് അവര്‍.
രാജ്യം തിരഞ്ഞെടുപ്പിന് തൊട്ടടുത്ത് നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി തന്നെ അയോദ്ധ്യയില്‍ പ്രതിഷ്ഠ നിര്‍വഹിച്ചത്. മോദിയുടെ ഗ്യാരന്റിയെന്ന ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യത്തോട് ഇന്ത്യന്‍ ജനതയെ കൂടുതല്‍ അടുപ്പിക്കാന്‍ രാമക്ഷേത്രമെന്ന പാലത്തിന് കഴിയുമെന്നാണ് ബിജെപി കണക്ക്കൂട്ടുന്നത്. പ്രതിഷ്ഠ ചടങ്ങില്‍ നാനാതുറയില്‍ നിന്നുള്ള പൗരപ്രമുഖരും താരങ്ങളും സന്നിഹിതരായിരുന്നു. അയോദ്ധ്യയില്‍ എത്തിച്ചേര്‍ന്നവരെല്ലാം ബിജെപിയെ അനുകൂലിക്കുന്നവര്‍ എന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാനും ഒരുപരിധിവരെ ബിജെപിക്ക് കഴിഞ്ഞു.
രാമക്ഷേത്രം ബിജെപിയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. മൂന്നാമതും കേന്ദ്രത്തില്‍ ഭരണത്തിലെത്താന്‍ പോകുന്നത് തങ്ങളാണെന്ന് ബിജെപിക്ക് ഉറപ്പുണ്ട്. ഹാട്രിക് ജയത്തിന്റെ മാറ്റ് കൂട്ടാന്‍ മിഷന്‍ 400 ആണ് മോദിയുടെ ആഗ്രഹം. അത് സഫലമാക്കാന്‍ രാമക്ഷേത്രം വലിയൊരു ഇന്ധമനമാകുമെന്നുറപ്പ്. എന്നാല്‍ ഒരു വലിയ രാജ്യത്തിന്റെ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ രാമക്ഷേത്രമെന്ന വൈകാരിക വിഷയം മാത്രം കൊണ്ട് ആഗ്രഹം സഫലമാകില്ലെന്ന് മോദിക്കും സംഘത്തിനും അറിയാം.
രാമക്ഷേത്രം എന്ന പാലിക്കപ്പെട്ട ഉറപ്പില്‍ കരുത്ത് കൂട്ടിയ ബിജെപി അണിയറയില്‍ മറ്റ് തന്ത്രങ്ങളും ഒരുക്കുന്നുണ്ട്. അത് തിരിച്ചറിയാനും ഫലപ്രദമായി പ്രതിരോധിക്കാനും കഴിയാത്തതാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ കക്ഷികളുടെ ബലഹീനതയും. 400 സീറ്റ് നേടണമെങ്കില്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും വിജയിച്ച് കയറാന്‍ കഴിയണം. അതിനുള്ള തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നതും നടപ്പിലാക്കി വരുന്നതും.
നഗര വികസനമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുഖമുദ്ര. എന്നാല്‍ മിഷന്‍ 400ന് നഗരങ്ങള്‍ക്കൊപ്പം ഗ്രാമീണ മണ്ഡലങ്ങളിലും വിജയം കൈപ്പിടിയിലാക്കണം. അതിന് ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അതാണ് ബിജെപി പയറ്റുന്ന തന്ത്രം. അടുത്തിടെ തൃശ്ശൂരില്‍ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച് സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരില്‍ പ്രധാനമന്ത്രി പങ്കെടുത്ത ഒരു പരിപാടി നടത്തിയിരുന്നു. വന്‍ ജനപങ്കാളിത്തം കൊണ്ട് ആ പരിപാടി ശ്രദ്ധ നേടി. വേദിയില്‍ സാന്നിദ്ധ്യമറിയിച്ചവരില്‍ വിവിധ മേഖലകളില്‍ വിജയിച്ച സ്ത്രീകളുമുണ്ടായിരുന്നു.
കേരളം പോലെ സ്ത്രീകള്‍ മുന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്ക് വലിയ സ്ത്രീ പിന്തുണ കിട്ടുന്നുവെന്ന് കാണിക്കാന്‍ ആ പരിപാടിക്ക് കഴിഞ്ഞു. അത് കേരളത്തില്‍ വോട്ടാകുമോ എന്നത് മറ്റൊരു കാര്യം. ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന മദ്ധ്യപ്രദേശിലെ കാര്യം ഒന്ന് നോക്കാം. അവിടെ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കപ്പെട്ടപ്പോള്‍ സ്ത്രീ വോട്ടര്‍മാരിലേക്ക് ഇറങ്ങിച്ചെന്നാണ് നാലില്‍ മൂന്ന് ഭൂരിപക്ഷവുമായി ബിജെപി അധികാരം നിലനിര്‍ത്തിയത് എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.
ശൗചാലയം നിര്‍മ്മിക്കുന്നുവെന്ന് പറഞ്ഞ് ബിജെപിയെ പരിഹസിക്കുന്നവരും പെട്രോള്‍ വില കൂടുമ്പോഴെല്ലാം ഇക്കാര്യം പ്രതിപാദിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ശൗചാലയ രാഷ്ട്രീയം ഉത്തരേന്ത്യയില്‍ ബിജെപിക്ക് നല്‍കുന്ന മൈലേജ് ചെറുതല്ല. ഹിന്ദി ഹൃദയഭൂമിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടതിനേക്കാള്‍ വലിയ അടിയൊഴുക്ക് ലോക്‌സഭയില്‍ കാണ്ടേണ്ടി വന്നേക്കാം. ശൗചാലയം, ഗ്യാസ് അടുപ്പ് പോലുള്ള കാര്യങ്ങള്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും തീര്‍ച്ചയായും വലിയ നേട്ടം സമ്മാനിക്കും എന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.
ഒരു സ്ത്രീയെ സംബന്ധിച്ച് അടച്ചുറപ്പുള്ള ശുചിമുറിയെന്നത് അവകാശമാണ്. അടുത്ത കാലം വരെ അങ്ങനെയൊരു സൗകര്യം സ്വപ്‌നം കാണാന്‍ പോലും കഴിയാതിരുന്ന ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലും ഇന്ന് സ്ഥിതി അതല്ല. സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രം പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്ന സ്ത്രീകള്‍ക്ക് സ്വന്തം വീട്ടില്‍ ശൗചാലയം ഒരു വലിയ അനുഗ്രഹം തന്നെയാണ്.
സമാനമാണ് ഗ്യാസ് സിലിണ്ടറുകളുടെ കാര്യവും. പുകയടുപ്പിന്റെ കഷ്ടപ്പാടില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന വലിയൊരു വിഭാഗം സ്ത്രീകള്‍ ഇന്ന് ഗ്യാസ് അടുപ്പിന്റെ സൗകര്യം ഉപയോഗിക്കുന്നു. ഇതൊന്നും ഒരു ഭരണകൂടത്തിന്റെ ഔദാര്യമല്ലെന്ന് പറഞ്ഞുപോകാമെങ്കിലും എന്തുകൊണ്ട് മുമ്പ് ഭരിച്ചവര്‍ നിങ്ങള്‍ക്ക് ഈ സൗകര്യം അനുവദിച്ച് തന്നില്ലെന്ന മറുചോദ്യം ചോദിച്ചാണ് ബിജെപി പ്രതിരോധിക്കുന്നത്.
റെയില്‍വേയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആധുനികവത്കരണം യുവാക്കളേയും എലൈറ്റ് വിഭാഗത്തേയും ബിജെപിയുമായി വലിയ രീതിയില്‍ അടുപ്പിക്കുന്നുണ്ട്. ഏതൊക്കെ വിഷയങ്ങളില്‍ എങ്ങനെയാണ് പ്രചാരണം നടത്തേണ്ടതെന്ന കാര്യത്തിലും ബിജെപിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇതിനെല്ലാം പുറമേ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴും കൃത്യമായി ഒരു പ്രതിപക്ഷ സഖ്യം പോലും രൂപീകരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ അവസ്ഥയും ബിജെപിക്ക് അനുഗ്രഹമാണ്.
കേവല ഭൂരിപക്ഷം ഉറപ്പിക്കുന്ന വെറുമൊരു ജയമല്ല ബിജെപി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ലോക്സഭയില്‍ 400 എംപിമാരുടെ പിന്‍ബലത്തോടെ ഹാട്രിക് ജയത്തിന് മാറ്റുകൂട്ടാന്‍ മിഷന്‍ 400 എന്ന ലക്ഷ്യത്തിലെത്താന്‍ ഇതിനോടകം തന്നെ പ്രവര്‍ത്തനം അരംഭിച്ചു കഴിഞ്ഞു ബിജെപി.400 എംപിമാരെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ പ്രത്യേക കര്‍മപദ്ധതി തന്നെ തയ്യാറാണ്. അതിന്റെ ഭാഗമാണ് സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പദ്ധതികളും അവയുടെ പ്രചാരണവും.
ഒരു വര്‍ഷം മുമ്പ് തന്നെ ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിശ്ചയിച്ചുകഴിഞ്ഞുവെന്നാണ് വിവരം. മിഷന്‍ 400 യാഥാര്‍ത്ഥ്യമാക്കാന്‍ മറ്റ് പാര്‍ട്ടികളിലെ മുന്‍നിര നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കാനാണ് പാര്‍ട്ടി നീക്കം. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു.ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡേക്കാണ് കമ്മിറ്റിയുടെ ചുമതല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഉള്‍പ്പെടെ അസംതൃപ്തരുടെ വലിയ സംഘം പുറത്തേക്ക് ചാടാന്‍ കാത്ത് നില്‍ക്കുന്നുവെന്നാണ് ബിജെപി വിലയിരുത്തല്‍.
എന്നാല്‍ ജനസമ്മിതിയുള്ള നേതാക്കളെ എത്തിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപിയിലേക്ക് സ്വീകരിക്കുന്നതിന് മുമ്പ് നേതാവിന് മണ്ഡലത്തിലുള്ള സ്വാധീനം ജയസാദ്ധ്യത തുടങ്ങിയവ പരിശോധിക്കും.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത് 160 മണ്ഡലങ്ങളിലാണ്. ഇവിടങ്ങളിലാണ് ഇത്തവണ പ്രത്യേക ശ്രദ്ധ നല്‍കുക. മറ്റ് പാര്‍ട്ടിയിലെ സിറ്റിംഗ് എംപിമാരില്‍ ഇത്തവണ ഇന്ത്യ മുന്നണിയിലെ സീറ്റ് വീതംവെപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടാതെപോകുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
160 മണ്ഡലങ്ങളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലങ്ങളിലാണ് പ്രധാനമായും അടര്‍ത്തിയെടുക്കല്‍ രീതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.കേരളത്തിലും ബിജെപിയുമായി സഹകരിക്കാന്‍ താത്പര്യമുള്ള നേതാക്കളെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. കെപിസിസി നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുമായി വരെ ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഒരു ഉന്നത ബിജെപി നേതാവ് കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു.
പുതിയ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നത് ബിജെപി എപ്പോഴും സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ ഇടത് വലത് മുന്നണികളില്‍ അസംതൃപ്തരായ നേതാക്കളുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇവരില്‍ പലരുമായും ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ഉന്നത ബിജെപി നേതാവ് വ്യക്തമാക്കി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കാനുള്ള ചുമതല പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാധാമോഹന്‍ ദാസ് അഗര്‍വാളിനെ ഇന്നലെ ചേര്‍ന്ന യോഗം ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണവും മറ്റ് അനുബന്ധ ജോലികളും സുനില്‍ ബന്‍സാലും മറ്റ് ജനറല്‍ സെക്രട്ടറിമാരും ചേര്‍ന്ന് മേല്‍നോട്ടം വഹിക്കും. ദുഷ്യന്ത് ഗൗതം രാജ്യത്തുടനീളമുള്ള ബുദ്ധമതക്കാരുടെ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവരോട് വിശദീകരിക്കുകയും ചെയ്യും.