
കൊളംബോ: കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ശ്രീലങ്കൻ ജലവിതരണ വകുപ്പ് സഹമന്ത്രി സനത് നിഷാന്ത (48) മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചു. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ പുലർച്ചെ 2 മണിക്ക് കൊളംബോ എക്‌സ്‌പ്രസ് വേയിലായിരുന്നു അപകടം. മന്ത്രി സഞ്ചരിച്ച കാറും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് അംഗമായിരുന്ന സനത് അടുത്തിടെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ ശ്രീലങ്ക പൊതുജന പെരമുനയുടെ ഭാഗമാവുകയായിരുന്നു. 2019 - 2020 കാലയളവിൽ ഫിഷറീസ് സഹമന്ത്രിയായിരുന്നു. ചമരി പെരേരയാണ് ഭാര്യ. നാല് മക്കളുണ്ട്.