
ദുബായ്: 2023ലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുരസ്‌കാരം ഇന്ത്യൻ താരം വിരാട് കൊഹ്‌ലി സ്വന്തമാക്കി. ഇത് നാലാം തവണയാണ് വിരാട് മികച്ച ഏകദിന താരമാകുന്നത്. 2012, 2017, 2018 വർഷങ്ങളിലാണ് ഇതിനു മുമ്പ് പുരസ്‌കാരം ലഭിച്ചിരുന്നത്. നാല് തവണ ഐ.സി.സി വൺഡേ ക്രിക്കറ്ററാകുന്ന ആദ്യ താരമാണ് വിരാട്. മൂന്ന് തവണ പുരസ്‌കാരം നേടിയ മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്‌സിനെയാണ് വിരാട് മറികടന്നത്.
2023ൽ 36 ഏകദിന ഇന്നിംഗ്സുകളിൽ നിന്ന് എട്ട് സെഞ്ച്വറികൾ ഉൾപ്പടെ 2048 റൺസാണ് കോലി നേടിയത്. 2023 ലോകകപ്പിലെ മികച്ച താരവും വിരാടായിരുന്നു. ലോകകപ്പിലെ 11 ഇന്നിംഗ്സുകളിൽ ഒമ്പതിലും 50 റൺസിന് മേൽ സ്‌കോർചെയ്ത് 765 റൺസോടെ ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 2003ൽ സച്ചിൻ നേടിയ 673 റൺസിന്റെ റെക്കാഡാണ് വിരാട് മറികടന്നത്. മൂന്ന് സെഞ്ച്വറികളും ലോകകപ്പിൽ നേടി.
ഐ.സി.സിയുടെ 2023ലെ മികച്ച ടെസ്റ്റ് താരമായി ഓസ്‌ട്രേലിയയുടെ ഉസ്മാൻ ഖ്വാജ. തിരഞ്ഞെടുക്കപ്പെട്ടു. സഹതാരം ട്രാവിസ് ഹെഡ്, ഇന്ത്യൻ താരം ആർ. അശ്വിൻ, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരുടെ ശക്തമായ മത്സരം മറികടന്നാണ് ഖ്വാജ മികച്ച താരമായത്. 2023-ൽ കളിച്ച 13 ടെസ്റ്റിൽ നിന്ന് 1210 റൺസാണ് ഖ്വാജ നേടിയത്ദ്യം . പോയവർഷം ടെസ്റ്റിൽ 1000 റൺസ് പിന്നിട്ട ഏക താരവും ഖ്വാജയാണ്. കഴിഞ്ഞ വർഷം ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ നാല് കളികളിൽനിന്ന് ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറികളുമടക്കം 333 റൺസടിച്ചിരുന്നു.