
മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിനെതിരെ പ്രധാന പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ഇന്ത്യയെ അകറ്റുന്നത് മാലദ്വീപിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും ( എം.ഡി.പി ) ദ ഡെമോക്രാറ്റ്സ് പാർട്ടിയും മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ പുരോഗതിക്ക് സഹായിച്ച ദീർഘകാല സഖ്യരാഷ്ട്രമാണ് ഇന്ത്യയെന്ന് ഇരുപാർട്ടികളുടെയും നേതാക്കൾ നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെ ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റേത് പോലെ എല്ലാ വികസന പങ്കാളികളുമായി മുയിസു ഭരണകൂടം സഹകരണം തുടരണമെന്നും വ്യക്തമാക്കി. 87 അംഗ പാർലമെന്റിൽ രണ്ട് പാർട്ടികൾക്കുമായി 55 സീറ്റുകളുണ്ട്. ചൈനീസ് അനുഭാവിയായ മുയിസു നവംബറിൽ ചുമതലയേറ്റതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളാവുകയായിരുന്നു. സമുദ്ര നിരീക്ഷണത്തിനടക്കം സഹായിച്ചിരുന്ന 70 ഇന്ത്യൻ സൈനികർ മാർച്ച് 15ന് മുമ്പ് മാലദ്വീപിൽ നിന്ന് ഒഴിയണമെന്ന് മുയിസു ഉത്തരവിട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്ന് മാലദ്വീപ് മന്ത്രിമാർ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതും വൻ വിവാദമായിരുന്നു. ഏറ്റവും ഒടുവിൽ ചൈനീസ് ഗവേഷണ കപ്പലിന് മാലദ്വീപ് തീരത്ത് അടുപ്പിക്കാൻ അനുമതി നൽകിയിരിക്കുകയാണ് മുയിസു. കപ്പലിന്റെ നീക്കത്തെ ഇന്ത്യ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.