
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ പുതുതലമുറ ഇ- സ്പോട്സ് പ്രദർശന സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു. ഓഗ്മെന്റഡ് റിയാലിറ്റി (ഏആർ), വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ് മുതലായ മത്സരങ്ങൾ കളിക്കാനും ഇ- സ്പോർട്സ് മേഖലയെ പരിചയപ്പെടാനും നിരവധിപ്പേരാണ് സ്റ്റാളുകളിൽ എത്തുന്നത്. കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്ലൈൻഡ് ഗെയിംസ്, വടക്കേന്ത്യയിൽ നിന്നുള്ള നോസ്‌കോപ്പ് ഗെയിമിംഗ് എന്നീ സംരംഭങ്ങളുടെ സ്റ്റാളുകളാണ് ഉച്ചകോടിയിലുള്ളത്. സംസ്ഥാനത്ത് ഇ- സ്പോർട്സിൻ്റെ പ്രാധാന്യവും സാധ്യതയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇ- സ്പോർട്സ് ഫെഡറേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
പാലക്കാട് സ്വദേശി അർജുൻ, തിരുവനന്തപുരം സ്വദേശി ശരത്ത് എന്നിവർ 2019ൽ ആരംഭിച്ച ബ്ലൈൻഡ് ഗെയിംസ് എന്ന ഇ- സ്പോർട്സ് സംരംഭം കഴിഞ്ഞവർഷം അഹമ്മദാബാദിൽ നടന്ന ബിജിഎംഎ പ്രോ സീരീസ് നാഷണൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പബ്‌ജി മാതൃകയിൽ ഗെയിമുകൾ ഡെവലപ്പ് ചെയ്ത് നടത്തുന്ന ചാമ്പ്യൻഷിപ്പിന്റെ സമ്മാനത്തുക ഒന്നരക്കോടി രൂപയാണ്. സൗദി അറേബ്യ, ദുബയ്, ഖത്തർ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഇ- സ്പോർട്സ് ഫെഡറേഷനുമായി ബ്ലൈൻഡ് ഗെയിംസിനു ഔദ്യോഗിക സഹകരണമുണ്ട്. ഇന്ത്യയിൽ ആകെ പത്ത് ടീമുകൾ മാത്രമേ ഇ- സ്പോർട്സ് മേഖലയിൽ സജീവമായിട്ടുള്ളു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരേയൊരു ടീമും നമ്മുടെ ബ്ലൈൻഡ് ഗെയിംസാണ്. സർക്കാരിന്റെ സഹകരണത്തോടെ കേരളത്തിലെ എല്ലാ കോളജുകളിലും സർവകലാശാലകളിലും ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവർ.