tennis

മെൽബൺ : ഓസ്ട്രേലിയൻ ഓപ്പണിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ ഇടം പിടിച്ച് നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ ബലറൂസ് താരം അര്യാന സബലേങ്ക. ഇന്നലെ നടന്ന ആദ്യ സെമിയിൽ അമേരിക്കൻ യുവതാരം കൊക്കോ ഗൗഫിനെ തോൽപ്പിച്ചാണ് സബലേങ്ക കലാശക്കളിക്ക് ടിക്കറ്റെടുത്തത്. കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പൺ ഫൈനലിൽ തന്നെ തോൽപ്പിച്ചിരുന്ന കൊക്കോയോട് കണക്കുതീർക്കുകയായിരുന്നു ഇന്നലെ സബലേങ്ക. ഒരുമണിക്കൂറും 42 മിനിട്ടും നീണ്ട പോരാട്ടത്തിൽ 7-6(7/2),6-4 എന്ന സ്കോറിനാണ് ബെലറൂസ് താരത്തിന്റെ ജയം. തുടർച്ചയായ രണ്ടാം തവണയാണ് സബലേങ്ക ഓസ്ട്രേലിയ ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ എലേന റൈബക്കാനയെ തോൽപ്പിച്ചാണ് സബലേങ്ക കിരീടം നേടിയിരുന്നത്.

ശനിയാഴ്ച നടക്കുന്ന ഇത്തവണത്തെ ഫൈനലിൽ 12-ാം സീഡ് ചെെനീസ് താരം ക്വിൻ വെൻ ഷെംഗാണ് ഫൈനലിൽ സബലേങ്കയുടെ എതിരാളി. രണ്ടാം സെമി ഫൈനലിൽ ക്വാളിഫയിംഗ് റൗണ്ടിലൂടെ കടന്നുവന്ന ഉക്രേനിയൻ താരം ഡയാന യെസ്ത്രേംസ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ക്വിൻ ഫൈനലിലെത്തിയത്. സ്കോർ : 6-4,6-4.