pic

ലണ്ടൻ: സ്മാർട്ട് ഫോണും ഇന്റർനെറ്റും ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇവ രണ്ടുമില്ലാതെ ഒരു ദിവസം ചെലവഴിക്കുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നു. പഠനം വരെ ഓൺലൈനായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ ഇതിനിടെ ഒരു മാസം ഫോൺ ഉപയോഗിക്കാതിരിക്കാൻ നിങ്ങൾക്ക് സാധിക്കുമോ ? സാധിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് 10,000 ഡോളറാണ് ( 8,32,000 രൂപ ). !

പ്രമുഖ ഐസ്‌ലൻഡിക് യോഗർട്ട് ബ്രാൻഡായ സിഗ്ഗിസിന്റേതാണ് ഈ ഓഫർ. കമ്പനിയുടെ ' ഡിജി​റ്റിൽ ഡീടോക്സ് പ്രോഗ്രാമി'ന്റെ ഭാഗമായാണ് ഈ വമ്പൻ ഓഫർ മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു മാസം സ്മാർട്ട് ഫോൺ പൂർണമായും ഒഴിവാക്കുന്ന 10 ഭാഗ്യശാലികൾക്കാണ് സമ്മാനം.

മത്സരത്തിനെത്തുന്നവരുടെ ഫോണുകൾ കമ്പനി ബോക്സുകളിൽ പൂട്ടിവയ്പ്പിക്കും. വെർച്വൽ ലോകത്തിന് പകരം യഥാർത്ഥ ലോകം ആസ്വദിച്ച് കഴിയണം. അടിയന്തര ആവശ്യത്തിനായി ഒരു പഴയ മോഡൽ ഫോണും പ്രീപെയ്ഡ് സിമ്മും നൽകും. കഴിക്കാൻ മൂന്ന് മാസത്തേക്ക് സിഗ്ഗിസിന്റെ യോഗർട്ടും ഫ്രീയാണ്.

മത്സരത്തിൽ പങ്കെടുക്കുന്നവർ യു.എസിൽ നിയമപരമായി സ്ഥിരതാമസക്കാരായ കുറഞ്ഞത് 18 വയസ് പൂർത്തിയായ ആളായിരിക്കണം. മത്സരത്തിൽ പങ്കെടുക്കുന്നത് എന്തുകൊണ്ട്, എങ്ങനെ പ്രയോജനപ്പെടുത്തും തുടങ്ങിയ കാര്യങ്ങൾ വിവരിക്കുന്ന കുറിപ്പ് എഴുതി സമർപ്പിക്കണം. ജനുവരി 31നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്നവരെ ഫെബ്രുവരി ആദ്യ വാരം പ്രഖ്യാപിക്കും.