bihar

പട്‌ന: മുനന്ണി സമവാക്യങ്ങള്‍ മാറിമറിയുന്ന ബിഹാറില്‍ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇന്ത്യ മുന്നണിയുമായി സഹകരണം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമായി തുടരുന്നതിനിടെ പാര്‍ട്ടി എംഎല്‍എമാരെ പട്‌നയിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. അടിയന്തരമായി പട്‌നയിലേക്ക് എത്താനാണ് എംഎല്‍എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്യാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രി അശ്വിനി ചൗബേയും ഡല്‍ഹിയിലേക്ക് തിരിച്ചു. പുതിയ സാഹചര്യത്തില്‍ ചടുലനീക്കങ്ങളുമായി ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് രംഗത്തെത്തി.

നിലവിലെ മന്ത്രിസഭയില്‍ നിന്ന് ജെഡിയു പിന്മാറിയാല്‍ മഹാസഖ്യത്തിനു കേവല ഭൂരിപക്ഷം തികയ്ക്കാന്‍ എട്ട് എംഎല്‍എമാരുടെ കുറവുണ്ട്. തന്റെ വിശ്വസ്തരായ ഭോല യാദവ്, ശക്തി സിംഗ് യാദവ് എന്നിവരുമായി നിലവിലെ രാഷ്ട്രീയ രാഷ്ട്രീയ സാഹചര്യം ലാലു പ്രസാദ് ചര്‍ച്ചചെയ്തു. ചില എംഎല്‍എമാര്‍ ലാലുവിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം വീണ്ടും എന്‍ഡിഎ മുന്നണിക്കൊപ്പം പോകുന്നതില്‍ ജെഡിയുവില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് വിവരം. ഇവരും ആര്‍ജെഡിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിക്ക് ഒപ്പം നിന്ന് വിജയിച്ച ശേഷം പിന്നീടാണ് നിതീഷ് മഹാസഖ്യത്തിനൊപ്പം ചേര്‍ന്നത്. ആര്‍ജെഡിയിലെ തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.