
കൊളംബോ: സംഗീത സംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി ഇളയരാജ (47) അന്തരിച്ചു. ഇന്നലെ ശ്രീലങ്കയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതയായിരുന്നു. മൃതദേഹം ഇന്ന് ചെന്നൈയിലെത്തിക്കും.
2000ൽ ' ഭാരതി' എന്ന തമിഴ് ചിത്രത്തിലെ ' മയിൽ പോല ' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. ഇളയരാജയായിരുന്നു ഗാനത്തിന് സംഗീതം നൽകിയത്. പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആർ. ശബരിരാജ് ആണ് ഭർത്താവ്. സംഗീത സംവിധായകരായ കാർത്തിക് രാജ, യുവാൻ ശങ്കർ രാജ എന്നിവർ സഹോദരങ്ങളാണ്.
'കളിയൂഞ്ഞാൽ' എന്ന മലയാള ചിത്രത്തിലെ 'കല്യാണപ്പല്ലക്കിൽ ' എന്ന ഗാനം ആലപിച്ചത് ഭവതാരിണിയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊൻമുടിപ്പുഴയോരത്ത് എന്നീ മലയാള ചിത്രങ്ങളിലും അനേഗൻ, മങ്കാത്ത, ഗോവ, രാസയ്യ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ഗാനം ആലപിച്ചു. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ' മിത്ര്, മൈ ഫ്രണ്ടി'ലടക്കം സംഗീത സംവിധാനം നിർവഹിച്ചു.