
കാസർകോട്: പതിനായിരത്തോളം ഇനം നെൽവിത്തുകൾ, അതിൽ 650 ഇനം അപൂർവ വിത്തുകൾ. രാജ്യത്തുടനീളം സഞ്ചരിച്ച് നെൽവിത്തുകൾ ശേഖരിച്ച് വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്ന സത്യനാരായണയെ തേടി രാജ്യത്തിന്റെ ബഹുമതിയെത്തി. പദ്മശ്രീ പുരസ്കാരം. പദ്മശ്രീ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ബഹുമതി കൃഷിക്കായി സമർപ്പിക്കുന്നുവെന്നും കാസർകോട് ബെളൂർ നെട്ടണിഗെ കിന്നിംഗാറിലെ സത്യനാരായണ ബെളേരി (48) പറഞ്ഞു.
സ്വന്തമായി പാടമൊരുക്കിയും ഗ്രോബാഗുകളിൽ വളർത്തിയുമാണ് അപൂർവ നെൽവിത്തുകൾ സ്വരുക്കൂട്ടുന്നത്. വളരെ കുറച്ചു ലഭ്യമായ അപൂർവ വിത്തുകൾ ഗ്രോബാഗിലാണ് നടുന്നത്.12 വർഷം മുമ്പ് രണ്ടിനം വിത്തുമായാണ് തുടക്കം. പിന്നാലെ വിത്തുകൾ തേടി സംസ്ഥാനങ്ങൾത്തോറും അലഞ്ഞു.
പത്താം ക്ലാസ് പഠനം കഴിഞ്ഞാണ് കൃഷിയിലേക്ക് തിരിഞ്ഞത്. 10,000 വിത്തിനങ്ങൾ ശേഖരിച്ച് സ്വന്തമായി വിളയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു. ഓരോ വർഷവും ഓരോ സംസ്ഥാനത്തിലൂടെ. തെങ്ങും കവുങ്ങും കുരുമുളകുമൊക്കെയുള്ള നാലേക്കർ കുന്നിൻ ചെരുവിലാണ് നെൽ കൃഷിയും ചെയ്യുന്നത്. വിത്ത് കർഷകർക്ക് സൗജന്യമായും നൽകും.
ബെളേരിയിലെ പരേതനായ കുഞ്ഞിരാമ മണിയാണി- ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ ജയശ്രീയും മക്കളായ നവ്യശ്രീ, ഗ്രീഷ്മ, അഭിനവ എന്നിവരും സഹോദരങ്ങളും കൃഷിയിൽ സഹായിക്കുന്നുണ്ട്.