
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ, മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പി.എം.എൽ - എന്നിന്റെ (പാകിസ്ഥാൻ മുസ്ലിം ലീഗ് - നവാസ് ) റാലിയിൽ സിംഹത്തെയും കടുവയേയും ഒപ്പം കൂട്ടി അണികൾ. ചൊവ്വാഴ്ച ലാഹോറിൽ നടന്ന റാലിയിലാണ് നവാസിനെ സ്വീകരിക്കാൻ വളർത്തു സിംഹവും കടുവയുമായി പാർട്ടി പ്രവർത്തകരിൽ ഒരാൾ എത്തിയത്.
പാർട്ടിയുടെ ചിഹ്നത്തെ പ്രതിനിധീകരിക്കുന്ന മൃഗങ്ങളാണ് ഇവ. ഇരുമ്പ് കൂടുകളിൽ പൂട്ടിയ നിലയിലെത്തിച്ച സിംഹത്തിനും കടുവയ്ക്കുമൊപ്പം സെൽഫിയെടുക്കാൻ പാർട്ടി പ്രവർത്തകർ തിരക്കുകൂട്ടിയതും കൗതുകമായി. ഇതാദ്യമായല്ല പി.എം.എൽ - എന്നിന്റെ റാലികളിൽ വന്യമൃഗങ്ങളെ കൊണ്ടുവരുന്നത്. അതേ സമയം, നവാസ് ഷെരീഫിന്റെ നിർദ്ദേശപ്രകാരം ജീവികളെ തിരിച്ചു കൊണ്ടുപോയെന്നാണ് വിവരം.
സിംഹത്തേയോ മറ്റേതെങ്കിലും മൃഗത്തേയോ പാകിസ്ഥാനിലെ ഒരു റാലിയിലും കൊണ്ടുവരരുതെന്ന് നവാസ് ഷെരീഫ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പി.എം.എൽ - എൻ നേതാവ് മറിയം ഔറംഗസേബ് പറഞ്ഞു. പി.എം.എൽ - എല്ലിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് ഷെരീഫ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബറിലാണ് 73കാരനായ ഷെരീഫ് പാകിസ്ഥാനിൽ മടങ്ങിയെത്തിയത്.
അഴിമതി കേസിൽ 2018ൽ ഷെരീഫിന് 10 വർഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ 2019ൽ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാൻ കോടതി ഷെരീഫിന് അനുവാദം നൽകി. തടവു ശിക്ഷ ലഭിച്ചത് അടക്കം രണ്ട് അഴിമതിക്കേസുകളിൽ നിന്ന് ഷെരീഫിനെ അടുത്തിടെ കുറ്റവിമുക്തനാക്കിയിരുന്നു.