pic

ന്യൂയോർക്ക്: ലണ്ടനിൽ നിന്ന് ന്യൂയോർക്ക് വരെ പോകണമെങ്കിൽ മണിക്കൂറുകൾ നീണ്ട യാത്ര വേണം. ഭാവിയിൽ വെറും മൂന്നര മണിക്കൂറിനുള്ളിൽ അത് സാദ്ധ്യമായേക്കാം. ഇതിനായി അണിയറയിൽ ശബ്ദത്തേക്കാൾ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഒരു സൂപ്പർസോണിക് വിമാനം ഒരുങ്ങുകയാണ്. യു.എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ' ബൂം സൂപ്പർസോണിക് " കമ്പനിയാണ് ഇതിന് പിന്നിൽ.

പദ്ധതിയുടെ ആദ്യ പതിപ്പും ലോകത്തെ ആദ്യ സ്വകാര്യ നിർമ്മിത സൂപ്പർസോണിക് ജെറ്റുമായ ' ബൂം എക്സ്.ബി - 1 " അഥവാ ' ബേബി ബൂം " വിമാനത്തെ കമ്പനി 2020ൽ അവതരിപ്പിച്ചിരുന്നു. 21 മീറ്റർ നീളമുള്ള ഈ വിമാനത്തിന്റെ പരീക്ഷണ പറക്കലുകൾ ഈ വർഷം നടത്താനാണ് പദ്ധതി. മണിക്കൂറിൽ 1,600 കിലോമീറ്റർ ദൂരം വിജയകരമായി പിന്നിടാനായാൽ വരും വർഷങ്ങളിൽ കൂടുതൽ ബൂം ബൂം എക്സ്.ബി - 1 വിമാനങ്ങൾ കമ്പനി നിർമ്മിക്കും. തുടർന്ന് 55 പേർക്ക് സഞ്ചരിക്കാവുന്ന കൊമേഴ്ഷ്യൽ സൂപ്പർസോണിക് വിമാനം നിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ഈ വിമാനത്തിന് ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള 5,585 കിലോമീറ്റർ ദൂരം മൂന്നര മണിക്കൂർ കൊണ്ട് പിന്നിടാൻ സാധിക്കും. സാധാരണ കൊമേഴ്ഷ്യൽ വിമാനങ്ങൾ ആറുമണിക്കൂറിലേറെ സമയം കൊണ്ടാണ് ഈ ദൂരം താണ്ടുന്നത്. ' ബൂം ഓവർചർ " എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനത്തിന് കോൺകോർഡ് വിമാനത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാനാകും.

2000ത്തിൽ എയർ ഫ്രാൻസ് ഫ്ലൈറ്റ് 4590 തകർന്ന് 109 പേർ മരിച്ചതോടെ സൂപ്പർ സോണിക് വിമാനമായ കോൺകോർഡ് പറക്കൽ നിറുത്തുകയായിരുന്നു. 2029 ഓടെ ഓവർചറിനെ അവതരിപ്പിക്കാനാാണ് ബൂം സൂപ്പർ സോണിക് കമ്പനി ലക്ഷ്യമിടുന്നത്.

നിലവിൽ കൃത്രിമശ്വാസം ഉപയോഗിക്കാതെ ഒരു മനുഷ്യന് പറത്താൻ കഴിയുന്ന ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് വിമാനം യു.എസ് മിലിട്ടറിയുടെ ലോക്‌ഹീഡ് എസ്.ആർ -71 ബ്ലാക്ക്ബേർഡാണ്. ന്യൂയോർക്ക് നിന്ന് ലണ്ടനിലേക്ക് വെറും രണ്ടു മണിക്കൂറിനുള്ളിൽ ബ്ലാക്കബേർഡ് പറന്നെത്തിയിരുന്നു.