loksabha-election-

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും. ചന്ദ്രയാനും ആദിത്യയും വിജയിപ്പിച്ച താര പരിവേഷം, വ്യക്തിപ്രഭാവം എന്നിവയുള്ള സോമനാഥ് മണ്ഡലത്തിൽ ശശി തരൂരിന് പറ്റിയ എതിരാളിയാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. തലസ്ഥാനവാസിയുമാണ്.

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാന അതിഥികളിലൊരാളായി സോമനാഥുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടങ്ങുന്ന ഉന്നതതല സമിതിയാണ് സോമനാഥിന്റെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തത്. സോമനാഥിനും എതിർപ്പില്ലെന്നാണ് അറിയുന്നത്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കേന്ദ്രമന്ത്രിമാരായ എസ്.ജയശങ്കറിനെയും നിർമ്മല സീതാരാമനെയും പരിഗണിക്കുന്നതിനിടയിലാണ് സോമനാഥിന്റെ പേരുയർന്നത്.

കേരളത്തിൽ ബി.ജെ.പിയുടെ സാദ്ധ്യതാ പട്ടികയിൽ തിരുവനന്തപുരത്തിന്റെ സ്ഥാനം ഒന്നാമതാണ്. 2009ലും 2014ലും നേരിയ വോട്ടുകൾക്കാണ് ഒ.രാജഗോപാൽ ശശിതരൂരിനോട് തോറ്റത്. 2009 മുതൽ അജയ്യനായി നിൽക്കുന്ന തരൂരിന് എതിരാളി സോമനാഥെങ്കിൽ മത്സരം തീപാറും.

2023 ജൂലായിൽ സർവ്വീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്ന സോമനാഥ് 2022 ജനുവരി മുതൽ മൂന്ന് വർഷത്തേക്കാണ് ഐ.എസ്.ആർ.ഒ ചെയർമാനായി നിയമിതനായത്. നിലവിലെ കാലാവധി അടുത്തവർഷം ജനുവരിയിൽ അവസാനിക്കും. തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ബി.ജെ.പിക്ക് അധികാരത്തുടർച്ച കിട്ടുകയും ചെയ്താൽ കേന്ദ്രമന്ത്രിയാക്കുമെന്ന് ഉറപ്പാണ്.

ആലപ്പുഴജില്ലയിലെ തുറവൂരിൽ ജനിച്ച് മലയാളം മീഡിയം സ്‌കൂളിൽ പഠിച്ചാണ് സോമനാഥ് ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ശാസ്ത്ര പദവിയിലെത്തിയത്.