
പാറ്റ്ന: ബീഹാറിൽ ജെഡിയു-ബിജെപി മുന്നണി സർക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 28ന് സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടൊപ്പം സുഷീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്. എന്നാൽ ഇതേ കുറിച്ച് നിതീഷ് കുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബീഹാറിൽ ഉടലെടുത്ത രാഷ്ട്രീയ സാഹചര്യത്തിൽ സുശീൽ കുമാർ മോദി പ്രതികരിച്ചിട്ടുണ്ട്. 'അടച്ചിരിക്കുന്ന വാതിലുകൾ തുറക്കാൻ കഴിയും, രാഷ്ട്രീയം സാദ്ധ്യതകളുടെ ഒരു കളിയാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. ബീഹാർ മഹാമുന്നണിയിലെ സഖ്യകക്ഷിയായ ആർജെഡിക്കെതിരെ നടത്തിയ കുടുംബ രാഷ്ട്രീയ പരാമർശവും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കുള്ള ക്ഷണം നിരസിച്ചതും നിതീഷിനെ എൻഡിഎയിലേക്ക് വീണ്ടും അടുപ്പിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹം പുറത്തുവന്നത്.
നിതീഷിന്റെ നീക്കങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ' മുന്നണിയുടെ പ്രതീക്ഷകൾ കെടുത്തുന്നതാണ്. നിതീഷും ജെഡിയുവും ബിജെപിയുമായി ചർച്ച തുടങ്ങിയതായി അറിയുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരിയെ ദേശീയ നേതൃത്വം അടിയന്തരമായി ഡൽഹിക്ക് വിളിച്ചതും അഭ്യൂഹങ്ങൾ ശക്തമാക്കി. അതേസമയം, തിരിച്ചു വരാൻ നിതീഷ് ബീഹാർ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് എൻഡിഎ ഉപാധി വച്ചതായും, ബീഹാർ നിയമസഭ പിരിച്ചു വിടാൻ നിതീഷ് കുമാർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, ബീഹാറിലെ രാഷ്ട്രീയ സാഹചര്യം കോണഗ്രസ് നേതൃത്വം നിരീക്ഷിച്ചുവരികയാണ്. നിതീഷ് കുമാറിന് എൻഡിയിലേക്കുള്ള തിരിച്ചുപോക്ക് അത്ര എളുപ്പമാകില്ലെന്നാണ് കോൺ്രസ് നേതൃത്വം വിലയിരുത്തുന്നത്. ചിരാഗ് പാസ്വാനെയും ഉപേന്ദർ കുശ്വാഹയെയും കുറിച്ച് അവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ ആർജെഡി കൂടെയുണ്ടെന്ന ആത്മവിശ്വാസവും കോൺഗ്രസിനുണ്ട്.
'ഇന്ത്യ' മുന്നണിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ വ്യക്തതയില്ലാത്തതിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തന്നെ അംഗീകരിക്കാത്തതിലും നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദളിത് നേതാവിനെ പരിഗണിക്കണമെന്ന മമതയുടെയും അരവിന്ദ് കേജ്രിവാളിന്റെയും നിർദ്ദേശത്തിൽ ക്ഷുഭിതനായ നിതീഷ് മുന്നണി കൺവീനർ സ്ഥാനവും നിരസിച്ചിരുന്നു. അതേ മമതയും കേജ്രിവാളും ഇപ്പോൾ ഇന്ത്യ മുന്നണിയെ കൈവിട്ട മട്ടിലാണ്. ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്തത് നിതീഷായിരുന്നു.