
കൊല്ലം: ബോഡി ബിൽഡിംഗ് എന്നാൽ സ്റ്റിറോയ്ഡ് കഴിച്ച് മസിൽ ഉരുട്ടിക്കയറ്റുന്നതല്ലെന്ന് തെളിയിക്കുകയാണ് ഒരു മലയാളി. ഒരിക്കൽപ്പോലും സ്റ്റിറോയ്ഡോ ലോകാരോഗ്യ സംഘടന ദോഷകരമാണെന്ന് വിധിച്ച മരുന്നുകളോ ഉപയോഗിക്കാത്തവർക്കായി ലോക ശരീരസൗന്ദര്യ മത്സരമുണ്ട്. ഇതിൽ ചാമ്പ്യനായിരിക്കുകയാണ് കൊല്ലം സ്വദേശി 32കാരനായ അലക്സാണ്ടർ മോഹൻ.
ബൾഗേറിയയിൽ വച്ചായിരുന്നു വേൾഡ് നാച്വറൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്. മെൻസ് ഫിസിക്ക് വിഭാഗത്തിൽ ജേതാവായ അലക്സാണ്ടർ സംഘടനയുടെ അംഗീകാരമായ പ്രൊ കാർഡും സ്വന്തമാക്കി. എപ്പോഴെങ്കിലും സ്റ്റിറോയ്ഡ് പോലുള്ളവ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പോളിഗ്രാഫ് ടെസ്റ്റ് ഉൾപ്പെടെ നടത്തിയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ദുബായിൽ മത്സരിച്ചെങ്കിലും ആറാം സ്ഥാനത്തായിരുന്നു. കോളേജ് കാലംമുതൽ ബോഡി ബിൽഡിംഗ് ഒരു പാഷനാക്കി മാറ്റിയ അലക്സാണ്ടർ മിസ്റ്റർ കൊല്ലത്തിനായി മത്സരിച്ചെങ്കിലും സമ്മാനം കിട്ടിയിരുന്നില്ല. കുറുക്കുവഴികളെക്കുറിച്ച് പലരും പറഞ്ഞെങ്കിലും ആരോഗ്യത്തിന് ഹാനികരമാകുന്ന ഒന്നും ഉപയോഗിക്കില്ല എന്ന് ശപഥമെടുത്തു.
മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദവും പെട്രോ കെമിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവുമുള്ള അലക്സാണ്ടർ ഏഴുവർഷം കാനഡയിലായിരുന്നു. ഇപ്പോൾ ദുബായ്‌യിൽ എൻജിനിയറാണ്. ബിസിനസുകാരനായ മോഹൻ അലക്സാണ്ടറാണ് പിതാവ്. അമ്മ ഡോ. അന്നമ്മ കൊല്ലം എൻ.എസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയാണ്. സഹോദരി നിക്കി അന്നു അലക്സാണ്ടർ ഇതേ ആശുപത്രിയിൽ സൈക്കോളജിസ്റ്റാണ്.
കള്ളം പറഞ്ഞാൽ പോളിഗ്രാഫ് പിടിക്കും
 മത്സരാർത്ഥികളെ മത്സരത്തിന് മൂന്നുദിവസം മുമ്പ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കും. ഇതിൽ പരാജയപ്പെട്ടാൽ മത്സരത്തിൽ നിന്ന് വിലക്കും.
 ടെസ്റ്റിൽ വിജയിക്കുന്നവരുടെ രക്ത, മൂത്ര സാമ്പിളുകൾ പരിശോധിക്കും. ഇതിലും സ്റ്റിറോയ്ഡ് അംശം ഇല്ലെങ്കിലേ മത്സരിക്കാൻ അനുവദിക്കൂ
ഭക്ഷണക്രമം
 രാവിലെ ഓട്സ്, പഴം ,ബ്ളൂബെറി
 ലഞ്ച് റൈസും ചിക്കനും അല്ലെങ്കിൽ മധുരക്കിഴങ്ങും ചിക്കനും
 രാത്രി രണ്ട് മുട്ട, ബ്രൊക്കാളി, ചീര
വർക്കൗട്ട്
ദിവസവും രാവിലെ ഒന്നര മണിക്കൂർ ജിമ്മിൽ ചെലവിടും
സ്റ്റിറോയ്ഡുകൾ ഒന്നും ഉപയോഗിക്കാതെതന്നെ ശരീര സൗന്ദര്യവാനാകാം എന്ന തിരിച്ചറിവ് ലഭിച്ചാൽ യുവാക്കൾ അപകടകരമായ രീതികളിൽനിന്ന് പിന്മാറും. നാച്വറൽ ബോഡി ബിൽഡിംഗിനെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അലക്സാണ്ടർ പറയുന്നു.