nalini

തിരുവനന്തപുരം: മകൻ അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി. വെള്ളറട ആനപ്പാറയിൽ ഇന്ന് രാവിലെയാണ് സംഭവം. 62 വയസുള്ള നളിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മകൻ മോസസ് ബിപിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു.

നളിനിയും മോസസും മാത്രമായിരുന്നു വീട്ടിൽ താമസം. നളിനിയുടെ ഭർത്താവ് പൊന്നുമണി പത്ത് വർഷങ്ങൾക്കുമുൻപ് മരണപ്പെട്ടിരുന്നു. ഇളയമകൻ ജെയിൻ അമ്മയ്ക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കാലിൽ തുണികൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരെ മോസസ് കത്തിക്കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതി മദ്യലഹരിയിലാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴക്കടവിൽ ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം എത്തിയ ഇവർ മീൻ പിടിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.