f

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദൻ മത്സരിക്കുന്നെന്ന വാർത്തകൾ നിഷേധിച്ച് താരത്തിന്റെ മാനേജർ വിപിൻ. വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമെന്നും സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദൻ തത്‌കാലം ആലോചിക്കുന്നതെന്നും മറ്റൊന്നിനും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണി മുകുന്ദന് ഒരു പാർട്ടിയിലും അംഗത്വമില്ല,​ നടനെന്ന നിലയിൽ അദ്ദേഹം കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് . പല വാർത്തകളും പ്രചരിക്കുന്നുണ്ട്. ആരാണ് അതിന് പിന്നിലെന്ന് അറിയില്ല. പക്ഷേ അതിലൊന്നും യാതൊരു കഴമ്പുമില്ല. ഉണ്ണി ഇപ്പോൾ സിനിമയുമായി നല്ല തിരക്കിലാണ്. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും വിപിൻ വ്യക്തമാക്കി,​

സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും കൂടുതൽ വിജയ സാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ പത്തനംതിട്ടയിൽ നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നെന്ന് വാർത്തകൾ ഉണ്ടായിരുന്നു. സംഘപരിവാറുമായി ഏറ്റവും അടുത്തു നിൽക്കുന്ന താരമാണ് ഉണ്ണി. അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പരസ്യമായി പ്രതികരിച്ച ഉണ്ണി ബി.ജെ.പിയുമായി കൂടുതൽ അടുക്കുകയാണെന്ന വിലയിരുത്തലുണ്ട്. ഇതോടൊപ്പം കെ.എസ് .ചിത്രയെയും നേതൃത്വം മത്സരിക്കാൻ സമീപിച്ചേക്കുമെന്നും വാർത്തകളുണ്ട്,​ ചിത്ര മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമെന്ന് അറിയപ്പെടുന്ന തിരുവനന്തപുരത്ത് പരിഗണിച്ചേക്കുമെന്നാണ് സൂചന.