f

പാ‌ട്ന: ഇന്ത്യ സഖ്യത്തിന് ആശ്വാസം പകർന്ന് ബിഹാറിൽ നിന്ന് ശുഭവാർത്ത. ബി,.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കില്ലെന്ന് ജെ.ഡി.യു ബീഹാർ അദ്ധ്യക്ഷൻ ഉമേഷ് കുശ്വാഹ അറിയിച്ചു. ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാറും ജെ.ഡി.യുവും എൻ.ഡി.എ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ ഉമേഷ് കുശ്വാഹ നിഷേധിച്ചു. ഇന്ത്യ സഖ്യത്തിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകൾ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബി.ജെ.പി നേതാവ് സുശീൽ മോദി എം,​പി രംഗത്തെത്തി. നിതീഷ് കുമാർ അടക്കം ആരുടെ മുന്നിലും എൻ.ഡി.എയുടെ വാതിലുകൾ അടച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും സുശീൽ മോദി പറഞ്ഞു. ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം ശനി,​ ഞായർ ദിവസങ്ങളിൽ ബീഹാറിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അന്ന് ഇക്കാര്യത്തിൽ അവസാന തീരുമാനം ഉണ്ടാകുമെന്നാണ് നിഗമനം.

ബീഹാർ മഹാമുന്നണിയിലെ സഖ്യകക്ഷിയായ ആർജെഡിക്കെതിരെ നടത്തിയ കുടുംബ രാഷ്ട്രീയ പരാമർശവും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കുള്ള ക്ഷണം നിരസിച്ചതും നിതീഷിനെ എൻഡിഎയിലേക്ക് വീണ്ടും അടുപ്പിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരിയെ ദേശീയ നേതൃത്വം അടിയന്തരമായി ഡൽഹിക്ക് വിളിച്ചതും അഭ്യൂഹങ്ങൾ ശക്തമാക്കി.

ഇന്ത്യ' മുന്നണിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ വ്യക്തതയില്ലാത്തതിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തന്നെ അംഗീകരിക്കാത്തതിലും നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദളിത് നേതാവിനെ പരിഗണിക്കണമെന്ന മമതയുടെയും അരവിന്ദ് കേജ്രിവാളിന്റെയും നിർദ്ദേശത്തിൽ ക്ഷുഭിതനായ നിതീഷ് മുന്നണി കൺവീനർ സ്ഥാനവും നിരസിച്ചിരുന്നു. അതേ മമതയും കേജ്രിവാളും ഇപ്പോൾ ഇന്ത്യ മുന്നണിയെ കൈവിട്ട മട്ടിലാണ്. ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്തത് നിതീഷായിരുന്നു.