
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ചായ സത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. രാജ്‌ഭവനിലാണ് ഗവർണർ അറ്റ്ഹോം വിരുന്ന് ഒരുക്കിയിരുന്നത്. നിയമസഭയിലെ നയ.പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്‌കരണം..
വെള്ളിയാഴ്ച വൈകിട്ട് നിശ്ചയിച്ചിരുന്ന വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ വിശിഷ്ടാതിഥികൾക്കും ക്ഷണമുണ്ടായിരുന്നു. നേരത്തെ പുതിയ മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്‌ഞയോടനുബന്ധിച്ചുള്ള ഗവർണറുടെ ചായ സത്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു.
രാവിലെ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിലും ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നെങ്കിലും ഇരുവരും പരസ്പരം മിണ്ടിയില്ല. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഗവർണർ പ്രസംഗം ആരംഭിച്ചത്. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞു. വിയോജിപ്പുകൾ അക്രമത്തിലേയ്ക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണ്. അധികാരത്തിനായുള്ള മത്സരങ്ങൾ ഭരണനിർവഹണത്തെ ബാധിക്കരുത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബാഹ്യ ഇടപെടലുകൾ അക്കാദമികരംഗത്തെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലില്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു.