
കൊച്ചി : റിപ്പബ്ലിക്ക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിനെതിരെ നൽകിയ പരാതിയിൽ രണ്ടുപേർക്കെതിരെ നടപടി. അസിസ്റ്റന്റ് രജിസ്ട്രാർ ടി.എ. സുധീഷ്, കോർട്ട് കീപ്പർ പി.എം. സുധീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. സംഭവത്തെ കുറിച്ച് വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കും.
ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ എന്ന നാടകത്തിനെതിരെയാണ് ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയത്. പ്രധാനമന്ത്രിയെയും രാജ്യത്തെയും നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തിൽ ആണെന്നും പരാതിയിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്രനിയമ മന്ത്രിക്കുമാണ് പരാതി നൽകിയത്.