arrest

വയനാട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അലീന ബെന്നി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനാണ് (20) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നൂൽപ്പുഴ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

കഴിഞ്ഞ 20നാണ് ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ അലീനയെ ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. തുടർന്ന് കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉൾപ്പെടെ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ആത്മഹത്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായത്.

ഇൻസ്റ്റഗ്രാം ചാറ്റിലൂടെയാണ് ആദിത്യൻ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മറ്റൊരു പെൺകുട്ടിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നാണ് സൂചന. നൂൽപ്പുഴ എസ്എച്ച്ഒ എ ജെ അമിത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലിസ്ഥലത്ത് നിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്.

അലീനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ പ്രചാരണം നടന്നിരുന്നു. വിദ്യാലയത്തിന്റെ വാർഷികാഘോഷത്തിന് പിരിവ് നൽകാത്തതിന് ക്ലാസ് ടീച്ചർ ശകാരിച്ചതിലുള്ള മനോവിഷമമാണ് കുട്ടി ജീവനൊടുക്കാൻ പ്രേരണയായതെന്നായിരുന്നു പ്രചാരണം.